ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി
Thursday, May 1, 2025 2:51 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2023-24 ലെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബാച്ചില്‍ 25 കുട്ടികളില്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്തു.
207 അധ്യാപകരെയാണ് കുട്ടികളുടെ എണ്ണക്കുറവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയത്. കൂടാതെ ഇവരെ ഒഴിവുള്ള സ്കൂളുകളില്‍ നിയമിക്കുന്നതിനു പകരം പക്ഷപാതപരമായി കുട്ടികളുള്ള സ്കൂളുകളില്‍ ജോലി ചെയ്യുന്ന നൂറിലധികം അധ്യാപകരെ സ്ഥലം മാറ്റിക്കൊണ്ട് അവിടെ നിയമിച്ച നടപടിയും റദ്ദ് ചെയ്തു.
റദ്ദ് ചെയ്ത സ്ഥലംമാറ്റത്തിലുള്പ്പെട്ട അധ്യാപകരെ ഉടന്‍ നടത്താനുദ്ദേശിക്കുന്ന പൊതു സ്ഥലംമാറ്റ നടപടികളില്‍ ഉള്‍പ്പെടുത്താനും പ്രഖ്യാപിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തീയതികള്‍ പുതുക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ വീണ്ടും ശേഖരിക്കാനും നിർദേശമുണ്ട്.
തെറ്റായ നടപടിക്രമങ്ങളിലൂടെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയതു സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പരാതിക്കാരനായ കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. സന്തോഷ്കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ വെട്ടിമാറ്റുന്നത് അവസാനിപ്പിക്കണം.
തസ്തിക നഷ്ടപ്പെടുന്നവരുടെ നിയമനത്തിനായി മാനദണ്ഡങ്ങള്‍ രൂപീകരിക്കണം. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് സമയബന്ധിതമായി പൊതുസ്ഥലംമാറ്റം നടത്തണമെന്നും തെറ്റായ നടപടിക്രമങ്ങളിലൂടെ പൊതുസ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.