പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം
Thursday, May 1, 2025 2:52 AM IST
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. വേടന് ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ വാദം തള്ളി പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വേടന് രാജ്യം വിട്ടുപോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ജാമ്യത്തെ എതിര്‍ത്തുള്ള വനംവകുപ്പ് വാദം. എന്നാല്‍ ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്ന് വേടന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരം നാലോടെയാണ് വനംവകുപ്പ് വേടനെ കോടതിയില്‍ ഹാജരാക്കിയത്. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാർഥമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വേടന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
നിയമം അറിയില്ലയെന്നത് ന്യായീകരണമല്ലെന്നും മുമ്പ് കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ഇല്ലെന്ന് വേടന് അറിയിച്ചു. ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് യഥാർഥമാണോ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുക. യഥാർഥമായിരുന്നെങ്കില്‍ ഇത് ധരിക്കില്ലായിരുന്നെന്നും വേടന് കോടതിയില്‍ പറഞ്ഞു.
"നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടെ'
ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. എന്നെ കേള്‍ക്കുന്ന തന്റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്.
തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്. എന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ.
- വേടൻ