വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിനു സമർപ്പിക്കും
Thursday, May 1, 2025 2:52 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിനു സമർപ്പിക്കും. രാവിലെ 11ന് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യും.
കമ്മീഷനിംഗ് ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി. എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ. എ. റഹീം, എംഎൽഎ എം. വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനി തുടങ്ങിയവർ പങ്കെടുക്കുമെന്നു തുറമുഖ മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്‍ കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ചു. ഡിസംബർ മൂന്നിന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതുവരെ 285 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഈ കപ്പലുകളിലായി 5.93 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വന്ന കപ്പലുകളും കണ്ടൈയ്നറുകളും സംബന്ധിച്ച കണക്കുകൾ കൂട്ടിച്ചേർക്കുന്പോൾ രാജ്യത്തെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറിയെന്ന് മന്ത്രി പറഞ്ഞു.