വിഴിഞ്ഞം തുറമുഖം ; കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിൽ വിപുലീകരിക്കും
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിൽ വിപുലീകരിക്കും. കൂടാതെ ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കുന്നതുൾപ്പെടെ ഈ ഘട്ടത്തിൽ വിപുലമായ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്നു തുറമുഖ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
കണ്ടെയ്നർ സംഭരണ യാർഡിന്റെ വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ളത് 77.17 ഹെക്ടർ ഭൂമിയാണ്. ഈ ഭൂമി ഡ്രജിംഗിലൂടെ കടൽ നികത്തി കണ്ടത്തും. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.
തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണത്തിന് 8867 കോടി രൂപയാണ് ചെലവ്. ഇതിൽ 5595 കോടി സംസ്ഥാന സർക്കാരും 2454 കോടി അദാനി കന്പനിയും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയും ആണ് ചെലവഴിക്കുന്നത്.
അടുത്ത ഘട്ടത്തിനാവശ്യമായ 9500 കോടി രൂപ പൂർണമായും അദാനി പോർട്സ് വഹിക്കും.
കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനും മൂന്ന് പൈസ വരെ സംസ്ഥാനത്തിനും ലഭിക്കും. പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും. ഇതിൽ കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കു കപ്പലുകളായ സാൻ ഫെർണാണ്ടോ, എംഎസ്സി തുർക്കി തുടങ്ങിയ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത് തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ മൂലമാണ്.
അസംസ്കൃത വസ്തുക്കളുടെ അഭാവം, ഓഖി, പ്രളയം, കോവിഡ് -19 തുടങ്ങിയ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തിന്റെ എല്ലാ ഘട്ട പ്രവർത്തനങ്ങളും പൂർണ സജ്ജമാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയിൽപാത നിർമാണം 2028ൽ പൂർത്തിയാകും
വിഴിഞ്ഞം തുറമുഖത്തെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനായുള്ള റെയിൽപാതയുടെ നിർമാണം 2028 ഓടെ പൂർത്തിയാകുമെന്നു തുറമുഖ മന്ത്രി വി.എൻ. വാസവൻ. തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണ ചുമതല കൊങ്കണ് റെയിൽവേ കോർപ്പറേഷനാണ്.
ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ 9.02 കിലോമീറ്റർ നിർമാണം ടണലിലൂടെയാണ്. ഇതിനായി 1482.92 കോടി രൂപ ചെലവിൽ 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കലും ഉൾപ്പെടുന്നു. റെയിൽപാതയുടെ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭിച്ചു.
റോഡ് ഗതാഗതവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് കിലോമീറ്റർ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ എൻഎച്ച് 66 മായി ബന്ധിപ്പിക്കുന്ന ഡിസൈൻ നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം.
അതിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ നാഷണൽ ഹൈവേ അധികാരികളുമായി ചർച്ച ചെയ്യുകയാണ്. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ അതോറിറ്റി അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.