ക്രെഡിറ്റിനെച്ചൊല്ലി തർക്കിക്കാനില്ല, നാട് മുന്നോട്ടു പോകുന്നതിന് മുൻഗണനയെന്നു മുഖ്യമന്ത്രി
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി തർക്കിക്കാൻ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മുന്നോട്ടു പോകണമെന്നു മാത്രമാണ് ആഗ്രഹം. തർക്ക വിഷയങ്ങൾക്കു മുൻഗണന നൽകാനില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കണ്ടെത്തൽ അല്ല, വിഴിഞ്ഞം പദ്ധതി. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രീയയുടെ സാക്ഷാത്കാരമാണിത്. ഇതിൽ രണ്ട് എൽഡിഎഫ് സർക്കാരിന്റെ ഒൻപത് വർഷം നിർണായകമായിരുന്നു.
പദ്ധതി യാഥാർഥ്യമാക്കാൻ ഉചിതമായ കാര്യങ്ങൾ ചെയ്യാനാണു ശ്രമിച്ചത്. അല്ലാതെ ക്രെഡിറ്റ് നേടാനല്ല. ബോട്ടുകളെ കൊണ്ടുവന്നല്ല, വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത്. വൻ കപ്പലുകൾ എത്തിച്ചാണ് ചരക്കു നീക്കം നടത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനു നൽകണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പലർക്കും പല ആഗ്രഹങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.