സ്ത്രീധന പരാതികളില്‍ തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി
Thursday, May 1, 2025 1:42 AM IST
കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കള്‍ മകള്‍ക്കു നല്കുന്ന ‘സ്ത്രീധന’ത്തിനു രേഖകളുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ യുക്തമായ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി.
വിവാഹസമയത്തു മാതാപിതാക്കള്‍ നല്കിയ സ്വര്‍ണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരില്‍ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിക്ക് 59.5 പവൻ സ്വര്‍ണം തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.
2010ല്‍ വിവാഹിതരായ ദമ്പതിമാര്‍ പിന്നീട് അകന്നു. തുടര്‍ന്നാണ് 65.5 പവന് സ്വര്‍ണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കുടുംബക്കോടതിയെ സമീപിച്ചത്. ബന്ധുക്കള്‍ നല്കിയ ആറു പവന് സ്വര്ണമടക്കമായിരുന്നു ഇത്. ഇതില്‍ മാതാപിതാക്കള്‍ നല്കിയ 59.5 പവന് തിരികെ നല്‍കാനാണു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
വിവാഹസമയത്ത് യുവതിക്കു മാതാപിതാക്കള്‍ നല്കുന്ന സ്വര്‍ണവും പണവും അവരുടെ സ്ത്രീധനമായിട്ടാണ് കരുതുന്നത്. അതു യുവതിയുടെ മാത്രം സ്വത്താണ്. ഇതു ഭര്‍ത്താവും വീട്ടുകാരും ദുരുപയോഗം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്.
തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഭരണത്തിന്റെ ലിസ്റ്റൊന്നും സ്ത്രീയുടെ കൈവശം ഉണ്ടാകില്ല.ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതികള്‍ മനസിലാക്കണം. ക്രിമനല്‍ കേസുകളിലെപ്പോലെ തെളിവു വേണമെന്നു നിഷ്കർഷിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.