അഭിഭാഷകയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
Thursday, May 1, 2025 2:51 AM IST
ഏറ്റുമാനൂർ: അഞ്ചും രണ്ടും വയസുള്ള പെൺമക്കളുമായി യുവ അഭിഭാഷക ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അഭിഭാഷകയുടെ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ.
നീറിക്കാട് തൊണ്ണമ്മാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ മരിയ ജിമ്മി (5), നോറ ജിസ് ജിമ്മി (2) എന്നിവരുമായി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് ജിമ്മി ജോസഫിനെ(37)യും ജിമ്മിയുടെ പിതാവ് ജോസഫിനെ(70)യുമാണ് ഏറ്റുമാനൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15നാണ് കണ്ണമ്പുരക്കു സമീപം പള്ളിക്കുന്ന് കടവിൽ മീനച്ചിലാറ്റിൽ കുഞ്ഞുങ്ങൾക്കൊപ്പം ജിസ്മോൾ ചാടിയത്.
ഭർതൃ ഗൃഹത്തിലെ പീഡനം മൂലമാണ് ജിസ്മോൾ കുട്ടികളുമായി ആറ്റിൽചാടി ജീവനൊടുക്കിയതെന്ന് ആ0രോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. ജിസ്മോളുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
വീട്ടിലെത്തിയും തെളിവുകൾ ശേഖരിച്ച പോലീസ് സമീപവാസികളുടെ മൊഴികളും രേഖപ്പെടുത്തി. ഇന്നലെ രാവിലെ പ്രതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.