വിഴിഞ്ഞത്തു പ്രധാനമന്ത്രിയെത്തുന്ന നാളെ സതീശൻ യുഡിഎഫ് യോഗത്തിൽ
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ വിളിക്കാത്തതിനെ തുടർന്നു വിവാദമായ വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന നാളെ കോഴിക്കോട് യുഡിഎഫ് യോഗം ചേരും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഡിസിസിയിലെ കെ. കരുണാകരൻ ഹാളിലാണ് യോഗം.
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം പ്രധാന ചർച്ചാ വിഷയമാകും. അൻവർ യുഡിഎഫ് നേതാക്കളെ വീടുകളിലെത്തി കണ്ടിരുന്നു. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.
താൻ ആഗ്രഹിക്കുന്ന ആളെ നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആക്കണമെന്ന തരത്തിൽ പി.വി. അൻവറിന്റെ നേരത്തേ നടത്തിയ പ്രസ്താവനകളിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോണ്ഗ്രസ് നേതാക്കളുമായി അൻവർ ചർച്ച നടത്തുകയും ചെയ്തിരുന്നു.