അഷ്റഫിന്റെ മൃതദേഹം കബറടക്കി
Thursday, May 1, 2025 2:51 AM IST
മലപ്പുറം: പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ മലപ്പുറം ജില്ലയിലെ വേങ്ങര പറപ്പൂർ ചോലക്കുണ്ട് സ്വദേശി മൂച്ചിക്കാടൻ അഷ്റഫി(37)ന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് കബറടക്കി.
ഇന്നലെ രാവിലെ 10.30നാണ് പറപ്പൂർ ചോലക്കുണ്ടിലെ ബന്ധുവീട്ടിൽ മൃതദേഹം എത്തിച്ചത്. അയൽവീട്ടിൽ മുറ്റത്ത് ആംബുലൻസിലായിരുന്നു പൊതുദർശനം.
ആറ് വർഷങ്ങൾക്ക് മുന്പ് സാന്പത്തിക ബാധ്യതയെ തുടർന്ന് സ്വന്തം വീട് ബാങ്ക് ജപ്തി ചെയ്തതിനാലാണ് ആംബുലൻസിനകത്ത് പൊതുദർശനം നടത്തേണ്ടി വന്നത്.
തുടർന്ന് ചോലക്കുണ്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. പറപ്പൂർ സ്വദേശിയും വയനാട് പുൽപ്പള്ളി സാന്ദീപനി കുന്നിലെ താമസക്കാരനുമായ മൂച്ചിക്കാടൻ കുഞ്ഞീതുവിന്റെ മകനാണ് അഷ്റഫ്.
പറപ്പൂരിലെ ഇവരുടെ രണ്ട് വീടുകളും ജപ്തിയിലായതിനാൽ അഞ്ച് വർഷമായി ഇവരുടെ കുടുംബം വയനാട്ടിലാണ് താമസം.