പുലിപ്പല്ല് കേസ്: റാപ്പർ വേടനെ തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുത്തു
Thursday, May 1, 2025 2:51 AM IST
വിയ്യൂർ: പുലിപ്പല്ല് കൈവശംവച്ചതിനു വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്നലെ രാവിലെ തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുത്തു.
തൃശൂർ തിരൂരിലുള്ള സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഉടമയുടെ വീടുംകൂടിയാണിത്. രാവിലെ 7.50നു കൊണ്ടുവന്ന വേടനെ തെളിവെടുപ്പ് പൂർത്തിയാക്കി പതിനഞ്ചുമിനിറ്റിനുശേഷം തിരികെ കൊണ്ടുപോയി. തിരൂരിലെ വേടന്റെ വീട്ടിലും പരിശോധന നടത്തി.
വേടന്റെ കൈവശമുണ്ടായിരുന്ന പുലിപ്പല്ലിന്റെ ലോക്കറ്റ് തയാറാക്കിയത് ഈ ജ്വല്ലറിയിലാണെന്നു വേടൻ മൊഴിനൽകിയിരുന്നു. തുടർന്നാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽനിന്നാണു തനിക്കു പുലിപ്പല്ല് കിട്ടിയതെന്നാണു വേടന്റെ മൊഴി.
തൃശൂരിലെ ജ്വല്ലറിയിൽവച്ചാണ് ഇതു രൂപമാറ്റം വരുത്തി മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ പറഞ്ഞിരുന്നു. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുന്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.
വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറിയിലെ തെളിവെടുപ്പിനുശേഷം പെരുന്പാവൂർ കോടതിയിൽ ഹാജരാക്കാൻ വേടനെ കൊണ്ടുപോയി.