തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകളുടെ വേഗം കൂട്ടും
Sunday, May 4, 2025 12:46 AM IST
കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിൻ സർവീസുകളുടെ വേഗം വർധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഡിവിഷനിലെ ലൂപ്പ് ലൈനുകളെ ഈ സാമ്പത്തിക വർഷം തന്നെ മെയിൻ ലൈൻ നിലവാരത്തിലേക്ക് ഉയർത്തും. ഇതോടൊപ്പം കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനും പ്രത്യേക പരിഗണന നൽകും. ഡിവിഷൻ തല വാർഷിക യോഗത്തിന്റേതാണ് തീരുമാനങ്ങൾ.
ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ട്രാക്ക് സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാഫിക് സംവിധാനങ്ങൾ എന്നിവയിൽ ആധുനിക സാകേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
ഡിവിഷനിലെ നിരവധി സ്റ്റേഷനുകളിൽ പ്രധാന പ്ലാറ്റ്ഫോം ലൂപ്പ് ലൈനിലാണ് സ്ഥിതി ചെയ്യുന്നത്. റെയിൽവേയുടെ സുരക്ഷാ നിർദേശ പ്രകാരം ലൂപ്പ് ലൈനിലൂടെ കുറഞ്ഞ വേഗത മാത്രമേ അനുവദിക്കുന്നുള്ളൂ.
മെയിൻ ലൈനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വേഗത വളരെ കുറവാണ്. ഇതേ തുടർന്നാണ് ലൂപ്പ് ലൈനുകളും മെയിൻ ലൈൻ നിലവാരത്തിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബറിനു മുമ്പ് ഇത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.31 സ്റ്റേഷനുകളിൽ ഇതിന്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.