"വേടനെതിരേ വനം ഉദ്യോഗസ്ഥർ നിയമം പാലിച്ചാണ് നടപടിയെടുത്തതെന്ന്'
Sunday, May 4, 2025 1:31 AM IST
തിരുവനന്തപുരം: റാപ്പർ വേടനെതിരെ വനം ഉദ്യോഗസ്ഥർ നടപടിയെടുത്തതു നിയമം പാലിച്ചാണെന്ന് വനം മേധാവിയുടെ റിപ്പോർട്ട്. എന്നാൽ, വേടനെതിരേ ശ്രീലങ്കൻ ബന്ധം ആരോപിച്ചതിലും മാധ്യമങ്ങൾക്കു വിവരങ്ങൾ കൈമാറിയതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായും വനം മേധാവി രാജേഷ് രവീന്ദ്രൻ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് കൈമാറിയ റിപ്പോർട്ടിൽ സമ്മതിക്കുന്നു.
പുലിപ്പല്ല് കൈവശം വച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമ പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചത്. ഷെഡ്യൂൾ ഒന്നു പ്രകാരം അതീവ സംരക്ഷിത വന്യജീവിയാണ് പുലി. അതിന്റെ ശരീരഭാഗങ്ങൾ കൈവശം വച്ചെന്ന് പ്രാഥമികമായി തെളിഞ്ഞാൽ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് ഉദ്യോഗസ്ഥർ കേസെടുത്തത്.
വനം ഫ്ളൈയിംഗ് സ്ക്വാഡ്, കണ്ട്രോൾ റൂം എന്നിവിടങ്ങളിലും പോലീസിനും പുലിപ്പല്ല് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിൽ പുലിപ്പല്ല് കണ്ടെത്തുകയും ചെയ്തു. ഇനി പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിടേണ്ടത് കോടതിയാണ്. ഇതു സംബന്ധിച്ച നടപടിക്രമങ്ങളും വനം മേധാവി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ശ്രീലങ്കൻ ബന്ധം ആരോപിച്ചതും പുലിപ്പല്ല് കൈമാറിയ വ്യക്തിയെക്കുറിച്ച് മാധ്യമങ്ങളോട് വനം ഉദ്യോഗസ്ഥർ വിശദീകരിച്ചതും ശരിയായില്ലെന്നു റിപ്പോർട്ട് പറയുന്നു.
റാപ്പർ വേടനെതിരേ വനം ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടിയിൽ ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ അടക്കം കടുത്ത നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണത്തിനു വനംമന്ത്രി നിർദേശം നൽകിയത്.
മാലയും ഫോണും തിരികെ നല്കി
കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി - 30) പക്കൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും തിരികെ നല്കി. ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ അടക്കം പോലീസ് ഫോണില്‍ തേടിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.