നടന് വിഷ്ണു പ്രസാദ് അന്തരിച്ചു
Saturday, May 3, 2025 3:25 AM IST
കൊച്ചി: സിനിമ, സീരിയല്‍ നടന് വിഷ്ണു പ്രസാദ് (49) അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും.
വിഷ്ണു പ്രസാദിനു കരള്‍ ദാനം ചെയ്യാന്‍ മകള്‍ തയാറാവുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ആവശ്യമായിരുന്നു. ഇതു സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. ഇതിനിടെയാണു മരണം സംഭവിച്ചത്.
മാമ്പഴക്കാലം, ലയണ്‍, റണ്‍വേ, കൈയെത്തും ദൂരത്ത്, മാറാത്ത നാട് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച വിഷ്ണു പ്രസാദ് സീരിയല്‍രംഗത്ത് സജീവമായിരുന്നു.
മൃതദേഹം ഇന്നു രാവിലെ ഏഴ് മുതല്‍ അദ്ദേഹത്തിന്റെ കാക്കനാട് മില്ലുംപടി നവോദയ എന്‍ക്ലേവിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാക്കനാട് അത്താണി ശ്മശാനത്തില്‍ സംസ്കരിക്കും. പിതാവ് ഇടപ്പള്ളി കൃഷ്ണവിലാസത്തിൽ പരേതനായ പി.എൻ രാധാകൃഷ്ണൻ, അമ്മ: ശാന്ത, ഭാര്യ: കവിത. മക്കള്‍: അഭിരാമി, അനനിക.