മാസപ്പടി കേസ് വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഷോണ്‍ ജോര്‍ജിന്റെ കത്ത്
Sunday, May 4, 2025 1:30 AM IST
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്.
ഇക്കാര്യമാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒ ഡയറക്ടര്‍ക്ക് കത്ത് നല്കി. രാഷ്ട്രീയക്കാരില്‍ നിന്നും സിഎംആര്‍എല്ലിന് എന്തു ലാഭം കിട്ടിയെന്നതിലും സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണല്‍ കൊള്ളയ്ക്കു വേണ്ടി മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
എസ്എഫ്ഐഒ കണ്ടെത്തലില്‍ 282 കോടിയുടെ തിരിമറിയാണ് നടന്നിട്ടുള്ളത്. 2.8കോടി രൂപയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് നല്‍കിയിട്ടുള്ളത്. വീണയുടെ പങ്ക് റിപ്പോട്ടില്‍ വ്യക്തമാണ്. സിഎംആര്‍എല്ലിന്റെയും മുഖ്യമന്ത്രിയുടെ മകളുടെയും സ്വത്ത് കണ്ടുകെട്ടണമെന്നും ഈ പണം ഷെയര്‍ ഹോള്‍ഡേഴ്സിന് തിരികെ നല്‍കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയക്കാരില്‍ നിന്ന് സിഎംആര്‍എല്ലിന് എന്ത് ലാഭമാണ് കിട്ടിയത്?. അതില്‍ സിബിഐ അന്വേഷണം നടത്തണം. എസ്എഫ്ഐഒ കണ്ടെടുത്തിട്ടുള്ള ഒരു ബുക്കില്‍ 3,334 തവണകളായി പലര്‍ക്കായി പണം നല്കിയതു സംബന്ധിച്ച വിവരമുണ്ട്. ഇത് ചെറിയ തുക തുടങ്ങി വലിയ തുക വരെയുള്ളവയുണ്ട്. ഇഡിക്ക് അനുബന്ധ രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.
2016 മുതല്‍ എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയതാണ്. എട്ടോളം സ്ഥാപനങ്ങളില്‍നിന്ന് വീണയുടെ കമ്പനി പണം വാങ്ങിയിട്ടുണ്ട്. ഏറ്റവുമധികം പണം നല്‍കിയിട്ടുള്ളത് സിഎംആര്‍എല്‍ ആണെന്നും ഷോൺ പറഞ്ഞു.