നമ്മൾ ഇതും നേടി: മുഖ്യമന്ത്രി
Saturday, May 3, 2025 3:25 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നത് കേരളത്തിന്റെ സ്വപ്നസാക്ഷാത്കാര നിമിഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മൂന്നാം സഹസ്രാബ്ദത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ കവാടം തുറക്കലാണ് വിഴിഞ്ഞം പോർട്ടിലൂടെ നടപ്പാക്കുന്നത്.
ഇന്ത്യയെ സാർവദേശീയ മാരിറ്റൈം ഭൂപടത്തിൽ കണ്ണിചേർക്കുന്ന മഹാസംരംഭമാണിത്. വിഴിഞ്ഞത്തെ സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരള സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നമ്മൾ ഇതും നേടി എന്ന വാക്കുകളോടെയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ വലിയ തുറമുഖ നിർമാണം നടക്കുന്നത്. ഈ തുറമുഖത്തിന്റെ ചെലവിന്റെ കൂടിയ പങ്കും സംസ്ഥാനമാണ് വഹിക്കുന്നത്.
ഒന്നാം ഘട്ടത്തിലെ ആകെ മുടക്കുമുതലായ 8,686 കോടിയിൽ 5,370.86 കോടിയും സംസ്ഥാന വിഹിതമാണ്. 2,497 കോടി അദാനി വിഴിഞ്ഞം പോർട്ടും. തിരിച്ചടയ്ക്കേണ്ട 818 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രം നൽകുന്നത്.
തുറമുഖം പ്രവർത്തന സജ്ജമായതോടെ 75 ശതമാനം കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചുവിടുന്നത് അവസാനിക്കും. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ വരുമാനം ലഭിക്കും. ഇതിനോടകം 250ലേറെ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. 2028ൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും.
1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ നിയോഗിച്ചു.
2010ൽ ടെൻഡർ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 2015ൽ ഒരു കരാറുണ്ടായി. കരാറിൽ പല തലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുന്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുകതന്നെ വേണമെന്ന നിലപാടാണ് തങ്ങൾ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ എപ്പോഴും പ്രചോദനമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനചടങ്ങിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്.
മാർപാപ്പയെ പലതവണ നേരിൽ കാണാൻ അവസരം ലഭിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്രമന്ത്രി ജോർജ് കുര്യനും വത്തിക്കാനിലെത്തിയ കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു. കേരളത്തിന്റെ മണ്ണിൽനിന്ന് താൻ വീണ്ടും മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.