പി.വി. അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫിൽ തീരുമാനം
Saturday, May 3, 2025 3:24 AM IST
കോഴിക്കോട്: മുൻ ഇടത് സ്വതന്ത്ര എംഎൽഎ പി.വി. അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫിൽ തീരുമാനം. എന്നാൽ അൻവറിന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകക്ഷി ആക്കില്ല.
ഇന്നലെ കോഴിക്കോട്ട് ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അന്‍വറുമായുള്ള സഹകരണം എങ്ങനെ വേണമെന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തി.
അന്‍വറിനെ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതു ചര്‍ച്ചചെയ്ത് പരിഹരിക്കും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജയസാധ്യത ഉയർത്തുന്ന ഏതൊരു സാഹചര്യവും മുതലെടുക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
ഉപതെരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ദേശീയ തലത്തിൽ കോൺഗ്രസിനു പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയില്‍ത്തന്നെ എതിര്‍പ്പുണ്ട്.
മുന്നണിയിൽ ഘടകകക്ഷിയാക്കാതെ ആർഎംപിയെപ്പോലെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അന്‍വറുമായി സഹകരിക്കുന്നതിനോട് നേരത്തേതന്നെ അനുകൂലനിലപാടാണ് സ്വീകരിച്ചിരുന്നത്. ലീഡര്‍ കെ. കരുണാകരന് മന്ദിരത്തില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്, ഘടകകക്ഷി നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, പി.എം.എ. സലാം, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, അനൂപ് ജേക്കബ്, ഡോ.എം.കെ. മുനീര്‍, എ.എന്‍. രാജന്‍ബാബു തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.