സംസ്ഥാന വിഹിതം 5595 കോടി; ഇതുവരെ കേരളം മുടക്കിയത് 2984 കോടി മാത്രം
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണത്തിനുള്ള സംസ്ഥാന വിഹിതം 5595 കോടി രൂപയാണെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും കമ്മീഷനിംഗ് ചടങ്ങിൽ അടക്കം പറയുന്പോൾ പദ്ധതിക്കായി സംസ്ഥാനം ഇതുവരെ മുടക്കിയത് 2984.38 കോടി രൂപ മാത്രമാണെന്നു ധനവകുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നു.
വിഴിഞ്ഞം പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ 884.38 കോടി സംസ്ഥാന സർക്കാർ അദാനി കന്പനിക്കു നൽകി. 2100 കോടി രൂപ നബാർഡിൽനിന്നു വായ്പ എടുത്താണു കൈമാറിയത്.
വായ്പയ്ക്ക് രണ്ടു വർഷ മോറട്ടോറിയവും 15 വർഷത്തെ തിരിച്ചടവു കാലയളവുമാണുള്ളത്.2024 ഓഗസ്റ്റ് അവസാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കന്പനിക്കായി നബാർഡ് വഴി 2100 കോടി രൂപ വായ്പയെടുത്തത്.
നബാർഡിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ പ്പെടുത്തിയാണ് വായ്പ നൽകിയത്. 8.4 ശതമാനം വാർഷിക പലിശനിരക്കിലാണ് നബാർഡ് വായ്പ. രണ്ടു വർഷം മോറട്ടോറിയമുള്ളതിനാൽ വിഴിഞ്ഞം വായ്പയുടെ തിരിച്ചടവ് ഇനി വരുന്ന സർക്കാരിന്റെ ബാധ്യതയാകും.
കേന്ദ്രസർക്കാർ വിഹിതവും വിജിഎഫ് വായ്പയാക്കിയതോടെ ഈ തുകയുടെ തിരിച്ചടവും സംസ്ഥാനത്തിന്റെ ബാധ്യതയാകും.
തുറമുഖ നിർമാണത്തിനായി 884.38 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതുവരെ അദാനി കന്പനിക്കു നൽകിയതെന്ന് കഴിഞ്ഞ ജൂണിൽ വി.എൻ. വാസവൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ട് തുറമുഖ കന്പനി നിരന്തരം സർക്കാരിനെ സമീപിച്ചതോടെയാണ് വായ്പയെടുത്ത് 2100 കോടി നൽകിയത്. ബാക്കി തുക നിർമാണക്കന്പനി മുടക്കണമെന്നും പിന്നീടു സർക്കാർ മടക്കി നൽകാമെന്നുമാണ് വാഗ്ദാനം.
തുറമുഖ നിർമാണം നിശ്ചയിച്ച സമയപരിധിയിൽ പൂർത്തിയാക്കിയില്ലെങ്കിൽ അദാനി കന്പനി സംസ്ഥാനത്തിനു നഷ്ടപരിഹാരം നൽകേണ്ടിവരും. ഈ തുറുപ്പുചീട്ടുകൂടി സർക്കാർ ഇറക്കിയതോടെയാണ് തുറമുഖ നിർമാണം വേഗത്തിലായത്.