സ്വപ്നം പൂവണിഞ്ഞു
Saturday, May 3, 2025 3:46 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കേരളം ഏറെ നാളുകളായി കാത്തിരുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഒരുവശത്ത് കടലിരന്പലും മറുവശത്ത് ജനസാഗരത്തിന്റെ ആവേശവും സാക്ഷിനിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.
ഇന്നലെ രാവിലെ 11ന് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം കമ്മീഷൻ ചെയ്തതോടെ കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തിയേറും. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ കരാർ ഒപ്പുവച്ച് തുടങ്ങിയ തുറമുഖ നിർമാണമാണ് തുടർന്നു വന്ന പിണറായി വിജയൻ സർക്കാരാണ് പൂർത്തിയാക്കിയത്.
ലോക മാരിറ്റൈം മേഖലയിൽ കേരളം മികവിന്റെ കേന്ദ്രമായി മാറുമെന്നു തുറമുഖം നാടിനു സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതുയുഗ വികസനമാതൃകയായ വിഴിഞ്ഞം കേരളത്തിന് സാന്പത്തിക സുസ്ഥിരത ഉറപ്പുനൽകും. തുറമുഖത്തിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ലഭ്യമാകുന്നത്. വിഴിഞ്ഞത്തിന്റെ വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കേരള സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കും.
അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മോദി വിഴിഞ്ഞം തുറമുഖം പുതുയുഗ വികസന മാതൃകയാണ് തുറന്നിട്ടതെന്നു കൂട്ടിച്ചേർത്തു. തുറമുഖം പ്രവർത്തനസജ്ജമായതോടെ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് വഴി രാജ്യത്തിനു പുറത്തേക്കു പൊയ്ക്കൊണ്ടിരുന്ന പണം പൂർണമായും ഇനി രാജ്യത്തിനുതന്നെ ലഭിക്കും.
ആഗോള കപ്പൽനിർമാണ മേഖലയിൽ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. 30 വർഷത്തിലധികമായി ഗുജറാത്തിൽ പ്രവർത്തിക്കുന്ന അദാനി അതിവേഗത്തിലാണ് കേരളത്തിൽ തുറമുഖം നിർമിച്ചത്. ഇതു കാണുന്പോൾ ഗുജറാത്തുകാർ അദാനിയോടു പിണങ്ങുമെന്നും തമാശ രൂപേണ പ്രധാനമന്ത്രി പറഞ്ഞു.
10 വർഷത്തിനുള്ളിൽ രാജ്യത്തെ തുറമുഖങ്ങളുടെ ക്ഷമതയിൽ രണ്ടിരട്ടിയോളം വർധനയുണ്ടായി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപ പദ്ധതികൾ നടക്കുകയാണ്. തുറമുഖ സന്പദ്വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും രാജ്യം പ്രയോജനപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിയിൽ കപ്പൽ നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിച്ച് വികസനവും തൊഴിലവസരവും കൂട്ടും. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് കോറിഡോർ പദ്ധതി കേരളത്തിനും നേട്ടമുണ്ടാക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, ജോണ് ബ്രിട്ടാസ്, എ.എ. റഹീം, എം. വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരണ് അദാനി തുടങ്ങിയവർ പങ്കെടുത്തു.