ചക്ക തലയിൽ വീണ് ഒന്പത് വയസുകാരിക്ക് ദാരുണാന്ത്യം
Sunday, May 4, 2025 1:31 AM IST
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒന്പത് വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടക്കലിനടുത്ത് ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്നിയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം.
മദ്രസ വിട്ട് വീട്ടിലെത്തിയശേഷം കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെയാണ് ചക്ക തലയിൽ വീണത്. ഇതി ന്റെ ആഘാതത്തിൽ കുട്ടി സമീപത്തെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചങ്കുവെട്ടി പിഎംഎസ്എ പിടിഎം എൽപി സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിനിയാണ്. കോട്ടയ്ക്കലിൽ മത്സ്യക്കച്ചവടം നടത്തുകയാണ് പിതാവ്. അമ്മ: സൈഫുന്നീസ. സഹോദരങ്ങൾ: മുഹമ്മദ് മുജ്തബ, മുഹമ്മദ് സിനാൻ. മൃതദേഹം ചങ്കുവെട്ടി ജുമാ മസ്ജിദിൽ കബറടക്കി.