കുവൈറ്റിൽ മലയാളി നഴ്സ് ദമ്പതികള്‍ കുത്തേറ്റു മരിച്ച നിലയിൽ
Saturday, May 3, 2025 3:25 AM IST
കണ്ണൂർ/കൊച്ചി : കുവൈറ്റ് അബ്ബാസിയയില്‍ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മണ്ടളത്തെ പരേതനായ കുഴിയാത്ത് ജോയി-തങ്കമ്മ ദന്പതികളുടെ മകൻ സൂരജ് (40), ഭാര്യ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സി (38) എന്നിവരെയാണു വ്യാഴാഴ്ച ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണ്. സെക്യൂരിറ്റി ജീവനക്കാരന് വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
12 വർഷത്തോളമായി ഇവർ കുവൈറ്റിലാണു താമസം. ബിന്‍സി കുവൈറ്റ് പ്രതിരോധവകുപ്പിലെ നഴ്സാണ്. സൂരജ് ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സാണ്. ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായിരുന്നു. മരണം സംബന്ധിച്ച് കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണം നടത്തുന്നതായും സൂരജിന്റെ ബന്ധുക്കൾ പറഞ്ഞു.
മക്കളായ ടെസ മേരിയും(മൂന്നാം ക്ലാസ്), എയ്ഡനും (ഒന്നാം ക്ലാസ്) ബിൻസിയുടെ വീടിനടുത്തുള്ള പുല്ലുവഴി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ മാസം ബിൻസിയും ഭർത്താവ് സൂരജും നാട്ടിൽ എത്തിയിരുന്നു. കുട്ടികളെയും ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനും ഈസ്റ്റർ ആഘോഷിക്കാനുമായിരുന്നു അന്നെത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം ആറിന് കണ്ണൂർ എയർപോർട്ടിലെത്തിക്കും. സംസ്കാരം അന്നുതന്നെ മണ്ടളം സെന്റ് ജൂഡ്സ് പള്ളിയിൽ. സുമി (ബംഗളൂരു), സുനിത (കുവൈറ്റ്) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങൾ. ബേസിലാണ് ബിൻസിയുടെ ഏക സഹോദരൻ.