വാക്സിന് എടുത്തിട്ടും പേവിഷബാധ ; പെണ്‍കുട്ടിയുടെ നില ഗുരുതരം
Sunday, May 4, 2025 1:31 AM IST
തിരുവനന്തപുരം: പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ തുടരുന്നു. കൊല്ലം പത്തനാപുരം വിളക്കുടി സ്വദേശിനിയായ ഏഴു വയസുകാരിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.
ഏപ്രില്‍ എട്ടിനു താറാവിനെ നായ കടിക്കുന്നത് തടയുന്നതിനിടെയാണ് കുട്ടിയുടെ കഴുത്തില്‍ നായയുടെ കടിയേറ്റത്. ഉടന്‍തന്നെ രക്ഷിതാക്കള്‍ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പേവിഷബാധയ്ക്കുള്ള വാക്സിൻ ആദ്യഡോസ് നല്‍കിയിരുന്നു. ആന്റിസെറവും എടുക്കുകയുണ്ടായി. എന്നാല്‍, രണ്ടാമത്തെ ഡോസിനു മുന്‍പേ പനിബാധയുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി ആശങ്കാജനകമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മേയ് ഒന്നാംതീയതി രാത്രി കൊണ്ടുവന്നത്. കഴുത്തിലും തലയിലും ഉള്‍പ്പെടെ 15-ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്.
തങ്ങള്‍ കൃത്യസമയത്തുതന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ വീഴ്ചയാണ് കുട്ടിയുടെ നില വഷളാക്കിയതെന്നുമാണ് രക്ഷിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കുട്ടി കഴിയാന്‍ തുടങ്ങിയിട്ട് 48 മണിക്കൂറിനോടടുക്കുകയാണ്. ഇപ്പോഴും കുട്ടിയുടെ നില ആശങ്കാജനകമാണെന്നും അടുത്ത 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് എസ്എടി അധികൃതര്‍ പറയുന്നത്.