പിആര്‍എസ് സ്വീകരിക്കാതെ ബാങ്കുകൾ
Saturday, May 3, 2025 3:24 AM IST
റെജി ജോസഫ്
കോട്ടയം: പുഞ്ച നെല്ല് വിറ്റതിനു രേഖയായി ലഭിച്ച പാഡി റസിപ്റ്റ് ഷീറ്റുമായി (പിആര്‍എസ്) കര്‍ഷകര്‍ ബാങ്ക് കയറി മടുത്തു. നെല്ലിന്റെ പണം കര്‍ഷകര്‍ക്കു വായ്പയായി അനുവദിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട കാനറ ബാങ്ക് രസീത് വാങ്ങുന്നില്ല. എസ്ബിഐ പണം നല്കുന്നില്ലെങ്കിലും രസീത് വാങ്ങിവയ്ക്കുന്നുണ്ട്. ഈ സീസണില്‍ വിറ്റ നെല്ലിനു പണം എന്നു ലഭിക്കുമെന്നതില്‍ യാതൊരു നിശ്ചയവുമില്ല.
നെല്ലു സംഭരിച്ച രസീതായ പിആര്‍എസ് ഈടായി സ്വീകരിച്ച് ഒന്‍പത് ശതമാനം പലിശയ്ക്കു വായ്പയായാണു ബാങ്കുകള്‍ കര്‍ഷകര്‍ക്കു പണം കൈമാറുന്നത്. പലിശ പിന്നീടു സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കും. ഇത് 9.5 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണു കാനറ ബാങ്ക് ആവശ്യപ്പെടുന്നത്.
മാര്‍ച്ച് 31നു കരാര്‍ അവസാനിച്ചെങ്കിലും പലിശ സംബന്ധിച്ചു തീരുമാനമാകാത്തതിനാല്‍ പുതുക്കിയിട്ടില്ല. എസ്ബിഐ മുഖേന നിലവില്‍ നെല്ലിന്റെ വില നല്‍കുന്നുണ്ടെങ്കിലും അവരുമായുള്ള കരാറിന്റെ കാലാവധിയും വൈകാതെ അവസാനിക്കും.
റിസര്‍വ് ബാങ്കിന്റെ പലിശ നിരക്കിന് ആനുപാതികമായാണു കാനറ ബാങ്ക് വര്‍ധന ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയെത്തുടര്‍ന്നു പുഞ്ചക്കൊയ്ത്ത് അവസാന ഘട്ടത്തിലെത്തുമ്പോള്‍ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്.
ഫെബ്രുവരി അവസാനം തുടങ്ങിയ വിളവെടുപ്പ് ഈ മാസം അവസാനം വരെ തുടരും. സംസ്ഥാനത്ത് മൂവായിരം കോടി രൂപയുടെ നെല്ല് ഈ സീസണില്‍ സംഭരിച്ചതായാണ് വിലയിരുത്തല്‍. മാര്‍ച്ച് 15വരെ പെയ്മെന്റ് ഓര്‍ഡറായ നെല്ലിന്റെ പണം അക്കൗണ്ടുകളില്‍ ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമുള്ള നെല്ലിന്റെ വില യാണ് പ്രതിസന്ധിയിലായിരി ക്കുന്നത്.