തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണം നിശ്ചയിച്ചു
Sunday, May 4, 2025 1:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി വനിതകളുടെയും പട്ടിക ജാതി- വർഗ അധ്യക്ഷമാരുടെയും സംവരണം നിശ്ചയിച്ചു. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 416 പേർ മാത്രമാണ് പൊതുവിഭാഗത്തിൽ നിന്ന് പ്രസിഡന്റുമാരാകുക.
471 ഗ്രാമപഞ്ചായത്തുകളിൽ വനിത പ്രസിഡന്റുമാർ വരും. ഇതിൽ പൊതുവിഭാഗത്തിൽനിന്ന് 417 വനിതകളും പട്ടികജാതി വിഭാഗത്തിൽ നിന്ന് 46 വനിതകളും വരും. പട്ടിക വർഗത്തിൽ നിന്നുള്ള എട്ടു വനിതകളും അധ്യക്ഷമാരാകും. ഇതു കൂടാതെ ബാക്കിയുള്ളവർ പട്ടിക ജാതി- വർഗ അധ്യക്ഷൻമാരുടെ സംവരണത്തിൽ ഉൾപ്പെടും.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 77 എണ്ണത്തിൽ വനിതകൾ അധ്യക്ഷരാകും.
പൊതുവിഭാഗത്തിൽ 67 വനിതകളും എട്ട് പട്ടികജാതി വനിതകളും രണ്ടു പട്ടിക വർഗ വനിതകളും അടുത്ത ബ്ലോക്ക് പഞ്ചായത്തുകളിൽ അധ്യക്ഷാരാകും.
പട്ടികജാതി പുരുഷൻമാർ ഏഴും പട്ടിക വർഗത്തിൽ ഒരാളുമാണ് അധ്യക്ഷ പദവിയിൽ എത്തുക.
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം:
ജില്ലാ പഞ്ചായത്ത്- 14 എണ്ണം: പൊതുവിഭാഗം-6, വനിതാസംവരണം ആകെ-7, വനിത പൊതുവിഭാഗം-7, പട്ടികജാതി-1.
മുനിസിപ്പാലിറ്റികൾ- 87: പൊതുവിഭാഗം-39, വനിത ആകെ-44, വനിത പൊതുവിഭാഗം-41,പട്ടികജാതി ആകെ-6, പട്ടികജാതി വനിത-3, പട്ടികജാതി-3, പട്ടികവർഗം-1.
കോർപറേഷൻ- ആറ് : പൊതുവിഭാഗം-3, വനിത ആകെ-3, വനിത പൊതുവിഭാഗം-3.