‘ഇന്ത്യാ അലയൻസി’നെ ‘ഇന്ത്യൻ എയർലൈൻസാ’ക്കി പരിഭാഷകൻ
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വൻ പിശക്. ഉദ്ഘാടനപ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെക്കുറിച്ച് പരാമർശം നടത്തിയതിനു പിന്നാലെ ഇന്ത്യാ മുന്നണിയെക്കുറിച്ചു പറഞ്ഞപ്പോൾ ഇന്ന് ചിലർക്ക് ഉറക്കം നഷ്ടപ്പെടുമെന്ന പരാമർശം വന്നു.
ഇന്ത്യാ മുന്നണിയിലെ കോണ്‍ഗ്രസിനെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരോക്ഷ വിമർശനം. എന്നാൽ ഹിന്ദിയിലെ പ്രസംഗം മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വ്യക്തി ‘ഇന്ത്യ അലയൻസ്’ എന്നത് ‘ഇന്ത്യൻ എയർലൈൻസ്’ എന്നാക്കി.
ഇതോടെ സദസിൽനിന്ന് ഉൾപ്പെടെ ചിരിപടർന്നു. പരിഭാഷകൻ തെറ്റിച്ചുവെന്നു മനസിലാക്കിയ പ്രധാനമന്ത്രി ഇടപെടൽ നടത്തി. പരിഭാഷയിൽ വൻ പിശക് വന്നതിനു പിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി.
ഇതിനു പിന്നാലെ പരിഭാഷയിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ രംഗത്തെത്തി. പ്രധാനമന്ത്രി പറഞ്ഞത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ലെന്നും തന്റെ ഭാഗത്തുനിന്നു പിഴവ് സംഭവിച്ചതായും ജയകുമാർ പ്രതികരിച്ചു.
തെറ്റ് ബോധ്യപ്പെട്ടപ്പോൾ തിരുത്താൻ ആലോചിച്ചതാണ്. എന്നാൽ അപ്പോഴേക്കും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നുവെന്നും കളക്ടറുടെ ഓഫീസിൽനിന്നാണ് പരിഭാഷയ്ക്കായി തന്നെ വിളിച്ചതെന്നും ജയകുമാർ പ്രതികരിച്ചു.