ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ച് പ്രതിപക്ഷ നേതാവ്
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: അഴിമതിയാരോപണം ഉന്നയിച്ചു വിഴിഞ്ഞം തുറമുഖ പദ്ധതി ഇല്ലാതാക്കാമെന്നുവച്ചാൽ നടക്കില്ലെന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രസംഗം പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇന്നലത്തെ ഫെയ്സ് ബുക്ക് പോസ്റ്റ്.
വിഴിഞ്ഞം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്യുന്ന ഇന്നലെ രാവിലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രസംഗത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടു വി.ഡി. സതീശൻ പോസ്റ്റിട്ടത്.
2015 ജൂണിൽ നിയമസഭയിൽ ഇതു സംബന്ധിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഴിമതിയാരോപണത്തിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മറുപടി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. 1991 മുതൽ വിഴിഞ്ഞം പദ്ധതിക്കുള്ള ശ്രമം സംസ്ഥാന സർക്കാരുകൾ തുടങ്ങിയിരുന്നു. ഇപ്പോൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലാണ്. കേരളത്തിന്റെ സ്വപ്നപദ്ധതിയെ അഴിമതിയാരോപണം ഉന്നയിച്ച് ഇല്ലാതാക്കാനാണു ശ്രമമെങ്കിൽ നടക്കില്ലെന്നും ഉറച്ച ശബ്ദത്തോടെ ഉമ്മൻ ചാണ്ടി പറയുന്നു.
ഉമ്മൻ ചാണ്ടി ഇന്നില്ല, മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തിയെഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയപ്പെടുന്നവരാണെന്നും പറഞ്ഞ സതീശൻ, വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേർന്നു.
അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതൊരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്നും ആരോപണം ഉയർന്നിരുന്നു.
അന്ന് പദ്ധതിക്കെതിരേ രംഗത്തുവന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിയുടെ കമ്മീഷനിംഗ് അടക്കം നടന്നത്. ഇന്നലെ വിഴിഞ്ഞം തുറമുഖം രാജ്യത്തിനു പ്രധാനമന്ത്രി തുറന്നു നൽകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തില്ല. ഈ സമയം, കോഴിക്കോട്ട് യുഡിഎഫ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.