പ്രധാനമന്ത്രിയുടെ കേരള സന്ദർശനം : ഭക്ഷണ ചെലവിനത്തിൽ 20 ലക്ഷം അനുവദിച്ചു
സ്വന്തം ലേഖകൻ
Monday, May 5, 2025 5:02 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഭക്ഷണ ച്ചെലവ് ഇനത്തിൽ 20 ലക്ഷം രൂപ രാജ്ഭവന് അനുവദിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മീഷനിംഗിന് മേയ് ഒന്നിനു രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി രണ്ടിന് ഉച്ചയോടെയാണു മടങ്ങിയത്.
ഒന്നിന് രാത്രി മുതൽ രണ്ടാം തീയതി രാവിലെ 10 വരെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും താമസം. രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മോദിക്കും സംഘത്തിനും ഭക്ഷണത്തിനും മറ്റു ചെലവിനത്തിലുമായി 20 ലക്ഷം രൂപ അനുവദിക്കാൻ ധനവകുപ്പ് ഉത്തരവിട്ടത്. രാജ്ഭവന് തുക കൈമാറാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തി.
പിന്നീട് ഇതുസംബന്ധിച്ച വിശദ ബില്ലുകളും മറ്റു രേഖകളും രാജ് ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി നൽകണമെന്ന വ്യവസ്ഥയിലാണ് തുക അനുവദിച്ചത്. സാധാരണയായി വിവിഐപികളുടെ ഭക്ഷണച്ചെലവ് ടൂറിസം വകുപ്പാണ് കൈകാര്യം ചെയ്യുക. എന്നാൽ, രാജ്ഭവനിൽ താമസിച്ച സാഹചര്യത്തിലാണ് രാജ്ഭവൻ തന്നെ ഭക്ഷണകാര്യം കൈകാര്യം ചെയ്തത്.
വിഴിഞ്ഞം തുറമുഖത്തും കമ്മീഷനിംഗുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തിലും പങ്കെടുത്ത പ്രധാനമന്ത്രിയുടെ സുരക്ഷയും സഞ്ചാരവുമായി ബന്ധപ്പെട്ട ബില്ലുകൾ ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ.