പദ്മശ്രീ കെ.വി. റാബിയ അന്തരിച്ചു
Monday, May 5, 2025 5:13 AM IST
മലപ്പുറം: പ്രമുഖ സാക്ഷരതാ പ്രവർത്തക പദ്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. തിരൂരങ്ങാടി മന്പുറത്തെ ജ്യേഷ്ഠസഹോദരി സഫിയ്യയുടെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
അർബുദരോഗത്തെത്തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് പരേതനായ കരിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25ന് ജനിച്ചു.
സ്കൂൾ പഠനകാലത്ത് ഇരുകാലുകൾക്കും തളർച്ച ബാധിച്ചെങ്കിലും പഠനവുമായി മുന്നേറി സ്വന്തം വീടിനു സമീപം ഷെഡ് കെട്ടി സാക്ഷരതാ പ്രവർത്തനം നടത്തുകയായിരുന്നു. വയോജന വിദ്യാഭ്യാസത്തിന്റെ വഴിവിളക്കുകൾ റാബിയയുടെ തിരൂരങ്ങാടി വെള്ളിലക്കാട്ടെ കുഗ്രാമത്തിൽനിന്ന് അയൽഗ്രാമങ്ങളിലേക്കും വെളിച്ചം വീശി. 1990ലാണു വയോജന പഠനകേന്ദ്രമാരംഭിച്ചത്. രണ്ടു വർഷത്തെ ഈ രംഗത്തെ സ്തുത്യർഹമായ ഏകാന്തസേവനം ഭരണതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
മലപ്പുറം ജില്ലാ ഭരണസാരഥികളും കാൻഫെഡ് പോലെയുള്ള ഗ്രന്ഥശാലാ പ്രവർത്തകരും റാബിയയെ ശ്രദ്ധിച്ചുതുടങ്ങി. എട്ടു വയസുകാരി മുതൽ എണ്പതുകാരി വരെ റാബിയയുടെ ശിഷ്യഗണത്തിലുൾപ്പെട്ടു. എഴുത്തിന്റെയും വായനയുടെയും ഉത്സവത്തിനു വെള്ളിലക്കാട് വേദിയായി.
1994ൽ ദേശീയ യുവജനപുരസ്കാരം റാബിയയെത്തേടിയെത്തി. തിരൂരങ്ങാടിയുടെ അതിര് കടന്ന് റാബിയ, മലപ്പുറം ജില്ലയുടെയും സംസ്ഥാനത്തിന്റെയും നിരക്ഷരതയ്ക്കെതിരായ പോരാട്ടത്തിന്റെ മുൻനിരക്കാരിയായി. ചക്രക്കസേരയിലിരുന്നായിരുന്നു ഈ അക്ഷരവിപ്ലവം. വെള്ളിലക്കാടിന്റെ പേരും പുറംലോകം ശ്രദ്ധിച്ചുതുടങ്ങി. മലപ്പുറം കളക്ടർ ഇടപെട്ട് വെള്ളിലക്കാടിലേക്കു വൈദ്യുതിയെത്തിച്ചു.
അക്ഷരപുത്രി എന്ന പേരിലാണ് റാബിയ അറിയപ്പെട്ടിരുന്നത്. നെഹ്റു യുവകേന്ദ്ര അവാർഡ്, നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കരുണാകര മേനോൻ സ്മാരക അവാർഡ്, സി.എൻ. അഹമ്മദ് മൗലവി അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സഹോരങ്ങൾ: സഫിയ്യ, ആസിയ, ആരിഫ, പരേതരായ ഖദീജ, നഫീസ.
മൃതദേഹം മന്പുറത്തെ ജ്യേഷ്ഠസഹോദരിയുടെ വസതിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരൂരങ്ങാടി പിഎസ്എം കോളജിൽ പൊതുദർശനത്തിന് വച്ചു. നിസ്കാരത്തിനു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വൈകുന്നേരം ആറിന് നടുവിലെ മസ്ജിദിൽ കബറടക്കി.