കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനു കാരണം ബാറ്ററിയിലെ ഷോര്‍ട്ടേജ്
Monday, May 5, 2025 5:13 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നു പ്രാഥമിക നിഗമനം. ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ് മൂലം പൊട്ടിത്തെറിയുണ്ടായി സിപിയു യൂണിറ്റില്‍ തീപിടിക്കുകയായിരുന്നുവെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു കൈമാറി.
34 ബാറ്ററികളായിരുന്നു അത്യാഹിത വിഭാഗത്തിലെ എംആര്‍ഐ സ്കാനിംഗ് മെഷീന്റെ യുപിഎസ് മുറിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ബാറ്ററിയിലൊന്നില്നിന്നു ഷോര്‍ട്ട് സര്ക്യൂട്ടുണ്ടായതോടെ ബാറ്ററി ചൂടായി വീര്‍ത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.
അങ്ങനെ തീ മറ്റു ബാറ്ററികളിലേക്കു പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. തീ മറ്റു ബാറ്ററികളിലേക്കും പടര്‍ന്നതോടെ മുറിക്കുള്ളിലെ താപനില ഉയരുകയും അഗ്നി സുരക്ഷാ സംവിധാനം പ്രവര്‍ത്തിച്ച് സ്വമേധയാ വെള്ളം ചീറ്റി തീയണയുകയും ചെയ്തു. എന്നാല്‍, പൂര്‍ണമായും തീ അണയാതെ നിന്നതോടെ പുക ഉയരാന്‍ തുടങ്ങി.
മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍ പുക നിറയുകയും യുപിഎസ് മുറിയുടെ വാതില്‍ തുറന്നതോടെ പുറത്തേക്കു വ്യാപിക്കുകയുമായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ റിജു ദീപക്കാണു കളക്ടര്‍ക്കു സമര്‍പ്പിച്ചത്. ജില്ലാ ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്ന് വിശദമായ പരിശോധന തുടരുകയാണ്.
അതിനിടെ, യുപിഎസ് പൊട്ടിത്തെറിച്ച് പുക പടര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ കീഴില്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സര്‍ജറി വിഭാഗം പ്രഫസര്‍, എറണാകുളം പള്‍മണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക.
അപകടമുണ്ടായ പിഎംഎസ്എസ്വൈ അത്യാഹിത വിഭാഗം ഡിഎഇ ഇന്‍ചാര്‍ജ് കെ.വി. വിശ്വനാഥന് സന്ദര്‍ശിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുള്ള തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അദേഹം പറഞ്ഞു. ഡിഎംഇയുടെ നേതൃത്വത്തില്‍ ഇന്നലെ മെഡിക്കല്‍ കോളജില്‍ ഉന്നതതല യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, വകുപ്പ് മേധാവികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമായി. മൂന്നു ദിവസത്തിനകം പൊട്ടിത്തെറിയുണ്ടായ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗവും പ്രവര്‍ത്തനസജ്ജമാക്കും. പഴയ കാഷ്വാലിറ്റിയിലേക്ക് ഇന്നലെ രാവിലെ മുതല്‍ രോഗികള്‍ എത്തിത്തുടങ്ങി. പൊട്ടിത്തെറിയുണ്ടായ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍നിന്നുള്ള ഉപകരണങ്ങളടക്കം ഇവിടെ സ്ഥാപിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുതന്നെ മാറ്റി. അടിയന്തര ചികിത്സ വേണ്ട നാലു രോഗികളെയാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നത്.