പൊൻപണമിറക്കി മലയാറ്റൂരിൽ തിരുനാൾ സമാപിച്ചു
Monday, May 5, 2025 5:05 AM IST
കാലടി: കുരിശുമുടിയിൽനിന്നു പൊൻപണമിറക്കിയതോടെ മലയറ്റൂരിൽ എട്ടാമിടം തിരുനാൾ സമാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോടെ പുതുഞായർ തിരുനാൾ ദിനത്തിൽ ഇറക്കേണ്ടിയിരുന്ന പൊൻപണം ഒരുമിച്ചാണ് ഇന്നലെ വിശ്വാസികൾ തലച്ചുമടായി ഇറക്കിയത്.
ഈ തീർഥാടനകാലത്ത് കുരിശുമുടിയിൽ ഇതുവരെ ലഭിച്ച നേർച്ചപ്പണം നേർച്ചയായിറക്കുന്നതിനു നിരവധി വിശ്വാസികളാണ് എത്തിയത്. വൈകുന്നേരം മൂന്നിനു പൊൻപണമിറക്കൽ ആരംഭിച്ചു. താഴത്തെപ്പള്ളി ആറോടെ പൊൻപണം സ്വീകരിച്ചു. തുടർന്ന് വിശുദ്ധ കുർബാന, രാത്രി എട്ടിന് ലൈറ്റ് ഷോ, തിരുസ്വരൂപമെടുത്തുവയ്ക്കൽ, തിരുനാൾ കൊടിയിറക്കൽ എന്നിവ നടന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മൂലം ഈ വർഷത്തെ പുതുഞായർ തിരുനാളാഘോഷം ചുരുക്കുകയും, തുടർന്നു വന്ന എട്ടാമിടം വിപുലമായി ആഘോഷിക്കുകയുമായിരുന്നു. കുരിശുമുടിയിലും, താഴത്തെ പള്ളിയിലും രാവിലെ മുതൽ വിശുദ്ധ കുർബാനയും മറ്റു തിരുക്കർമങ്ങളും നടന്നു. ഈ തീർഥാടന കാലയളവിൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്നു ലക്ഷകണക്കിനു വിശ്വാസികൾ കുരിമുടി തീർഥാടനം നടത്തി.
തുടർന്നുള്ള ദിവസങ്ങളിലും തീർഥാടകർക്കു കുരിശുമുടി കയറുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നു കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു.