‘കെഎഫ്സി - എന്റെ കേരളം മെഗാ ക്വിസ് ’ സംഘടിപ്പിക്കും
Monday, May 5, 2025 5:05 AM IST
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം പ്രദർശനവിപണനമേള’ യിലെ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാളിൽ പൊതുജനങ്ങൾക്കായി ‘കെഎഫ്സി - എന്റെ കേരളം മെഗാ ക്വിസ്’ മത്സരം സംഘടിപ്പിക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
മത്സരത്തിലെ ബമ്പർ സമ്മാനമായി ആപ്പിൾ ഐഫോൺ 16 ആണ് നൽകുന്നത്. ഓരോ സ്റ്റാളിലെയും പ്രദർശനത്തിലെ മത്സരാർഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നയാൾക്ക് 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റ് സമ്മാനമായി ലഭിക്കും. കൂടാതെ എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം 4,000 രൂപ വിലയുള്ള ജെബിഎൽ പ്രീമിയം ഹെഡ്ഫോണും സമ്മാനമായി നൽകുന്നുണ്ട്.
എന്റെ കേരളം പരിപാടിയിലെ അഞ്ചു ജില്ലകളിലുള്ള (കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂർ) കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാളുകളിലായിരിക്കും ക്വിസ് മത്സരം സംഘടിപ്പിക്കുക.
സ്റ്റാളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണം വഴിയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. അഞ്ച് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും ഉണ്ടാകുക. അഞ്ച് ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവർ പ്രതിദിന നറുക്കെടുപ്പ് മുതൽ ബമ്പർ സമ്മാനത്തിനുള്ള നറുക്കെടുപ്പ് വരെയുള്ള എല്ലാത്തിലും പങ്കെടുക്കാൻ യോഗ്യത നേടുന്നതായിരിക്കും.
മൂന്ന് ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകുന്നവർ ദിനംപ്രതിയുള്ള നറുക്കെടുപ്പ് മുതൽ ഓരോ സ്റ്റാളിലെയും ഗ്രാൻഡ് പ്രൈസ് വരെയുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും. രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർ ഡെയ്ലി പ്രൈസ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും.