ട്രെയിന്‍ തീവയ്പ് കേസിലെ വിവരം ചോര്‍ത്തല്‍ : കുറ്റവിമുക്തനാക്കപ്പെട്ട എഎസ്ഐയ്ക്കെതിരായ നടപടി അവസാനിപ്പിച്ചു
ബിനു ജോര്‍ജ്
Monday, May 5, 2025 5:05 AM IST
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചു വകുപ്പുതല നടപടികള്‍ക്കിരയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിച്ചു.
കണ്ണൂര്‍ സിറ്റി പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ ജോലി ചെയ്തുവന്നിരുന്ന ഗ്രേഡ് എഎസ്ഐ മനോജ്കുമാറിനെതിരായ അച്ചടക്കനടപടി അവസാനിപ്പിച്ചു. 1958ലെ കേരള പോലീസ് ചട്ടം പ്രകാരം പുനഃപരിശോധിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡു ചെയ്യപ്പെട്ട മനോജ്കുമാറിനെ അന്വേഷണ റിപ്പോര്‍ട്ടിനുശേഷം കുറ്റവിമുക്തനാക്കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.
2024 മേയില്‍ മനോജ്കുമാര്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. അതിനിടെ, മനോജ്കുമാറിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്. മനോജ്കുമാറിന്റെ കോള്‍ ഡീറ്റൈല്‍സ് റിക്കാർഡ് (സിഡിആര്‍) അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വാഹന ഉടമയുടെ ബന്ധുവായ ആരിഫ് എന്നയാളെ കൂട്ടിയാണ് പോലീസ് സംഘം രത്നഗരിയിലേക്കു പോയത്. ആരിഫ് മുഖാന്തിരം വിവരം ചോര്ന്നുവോയെന്നതു അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഇക്കാര്യം പരിശോധിക്കാനെന്ന പേരിലാണു പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്.
എന്നാല്‍, ഒരു അംഗം സര്‍വീസില്‍ നിന്നു വിരമിച്ചതിനു ശേഷം കേരള പോലീസ് ചട്ടം പ്രകാരം അദേഹത്തിനെതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കുന്നതിനു വ്യവസ്ഥ ഇല്ലെന്നതു പരിഗണിച്ചു സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സിറ്റി എസിപി, കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.
2023ലുണ്ടായ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്, അന്വേഷണ സംഘങ്ങളല്ലാത്ത രണ്ടുപേര്‍ പ്രതിയെ കൊണ്ടുവരാന്‍ പോയ പോലീസ് സംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പി. വിജയനെയും മനോജ്കുമാറിനെയും സസ്പെന്‍ഡ് ചെയ്തത്.
ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നു കോഴിക്കോട്ടേക്കു സ്വകാര്യ വാഹനത്തില്‍ കൊണ്ടുവരുന്ന വിവരം പി. വിജയനും മനോജ്കുമാറും ചോര്ത്തിനല്കിയെന്നാണു ആരോപണമുയര്‍ന്നത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് മാധ്യമ സംഘം പോലീസ് സംഘത്തെ പിന്തുടരുകയും അതുവഴി സുരക്ഷാ വീഴ്ച ഉണ്ടാവുകയും ചെയ്തുവെന്ന കാസര്‍ഗോഡ് ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീമിന്റെ പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിയെ കൊണ്ടുവരാനായി പോയ പോലീസ് സംഘാംഗങ്ങളുടെയും അവരുമായി ബന്ധപ്പെട്ട മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെയും കാള്‍ ഡീറ്റൈൽസ് റിക്കാര്‍ഡും മറ്റു ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും മുന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി കെ. സുദര്ശനന് പരിശോധിച്ചിരുന്നു. ഈ കേസില്‍ മനോജ്കുമാറിനു പങ്കില്ലെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ സിഡിആര്‍ തെളിവുരേഖയായി അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നില്ല.
ഈ പിഴവ് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി അവസാനിപ്പിച്ചത് പുനഃപരിശോധിക്കാന്‍ നീക്കം നടത്തിയത്. രത്നഗിരിയിലേക്കുപോയ അന്വേഷണ സംഘാംഗങ്ങളുമായി മനോജ്കുമാര്‍ ഡ്യൂട്ടിയുടെ ഭാഗമായി മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തില്‍ നിന്നു വിവരം ചോര്‍ന്നിട്ടില്ലെന്നു ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തിയ എസിപിമാര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.