ലിസ്റ്റിന് വട്ടിപ്പലിശക്കാരുടെ ഏജന്റ്: സാന്ദ്രാ തോമസ്
Monday, May 5, 2025 5:02 AM IST
കൊച്ചി: ലിസ്റ്റിന് സ്റ്റീഫനെതിരേ ഗുരുതര ആരോപണവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ് വീണ്ടും രംഗത്ത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വഴിവെട്ടാന് മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന് ചെയ്യരുത്.
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താത്പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. ലിസ്റ്റിന് മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകള്‍’കാര്യം നടന്നു കഴിഞ്ഞാൽ നിങ്ങളെയും വിഴുങ്ങും. ഇപ്പോഴത്തെ വാക്കുകളിലും പ്രവൃത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും ലിസ്റ്റിനില്‍ കാണുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ സാന്ദ്രാ തോമസ് ആരോപിച്ചു.
നേരത്തേ ഒരു പ്രമുഖ നടന് വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന മലയാളത്തിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും ലിസ്റ്റിന് സ്റ്റീഫനെ അടിയന്തരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്.
ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍ അദ്ദേഹത്തിനു താത്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. കാര്യം നടന്നുകഴിഞ്ഞാല്‍ നിങ്ങളെയും അവര്‍ വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന് സ്റ്റീഫന്‍ സ്വയം തിരുത്താനും മലയാള സിനിമാ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം. നല്ല ഉദ്ദേശ്യ ത്തോടെയാണ് ഈ കാര്യങ്ങള്‍ പറയുന്നത്. എല്ലാം അറിഞ്ഞിട്ടും സംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നതും, നിസഹായതയാല്‍ പിന്തുണക്കുന്നതും കാണുമ്പോള്‍ അതിയായ ദുഃഖം തോന്നുന്നുവെന്നും കുറിപ്പില്‍ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു.