വേളാങ്കണ്ണി യാത്രാ സംഘം അപകടത്തിൽപ്പെട്ടു ; നാലുപേർ മരിച്ചു
Monday, May 5, 2025 5:13 AM IST
വിഴിഞ്ഞം: വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ട ഏഴുപേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു.
മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. നെല്ലിമൂട് കുഴിപ്പറച്ച ഷീജാ ഭവനിൽ രാഹുൽ (28), കുഴിപ്പറച്ച വിളയിൽ ഷാജു നാഥ് (30), കല്ലയം വിനയ നഗർ നടേശ വിലാസത്തിൽ ജയപ്രസാദ് (33), നെല്ലിമൂട്കുഴി വിളകോണത്തിൽ രാജേഷ് (30) എന്നിവരാണ് മരിച്ചത്. കോട്ടുകാൽ തേരിവിള വീട്ടിൽ സുനിൽ (35), കഴിവൂർ കല്ലുമല പ്ലാവിലമേലെ പുത്തൻവീട്ടിൽ സാബു (30), കഴിവൂർ കല്ലുമല ബി.കെ. മന്ദിരത്തിൽ രജനീഷ് (44) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ് റോഡിൽ കിടന്ന മൂന്ന് പേരെ സമീപവാസികൾ രക്ഷപ്പെടുത്തി ആംബുലൻസിൽ തിരുതുറൈപൂണ്ടി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ തിരുവാരൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇവർ സഞ്ചരിച്ച വാനും നാഗപട്ടണത്തുനിന്ന് ഏർവാടിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സർക്കാർ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വീരയൂർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിരുവാരൂർ എസ്പി കരുൺ കാരാട്ട് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.