എഡിജിപിയെ പലതവണ വിളിച്ചു; ഫോൺ എടുത്തില്ല; പൂരം അലങ്കോലപ്പെടുത്തലിൽ മൊഴി നൽകി മന്ത്രി കെ. രാജൻ
Monday, May 5, 2025 5:13 AM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി കെ. രാജന്റെ മൊഴി.
പൂരം മുടങ്ങിയപ്പോൾ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ ഒൗദ്യോഗിക ഫോണിലും പേഴ്സണൽ നന്പരിലും വിളിച്ചിട്ടും ഫോണ് എടുത്തില്ലെന്നും പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജൻ മൊഴി നൽകിയതായാണു വിവരം. പ്രശ്ന സാധ്യതാ മുന്നറിയിപ്പു നൽകിയിട്ടും വേണ്ടരീതിയിൽ പ്രതിരോധ നടപടി സ്വീകരിച്ചില്ലെന്നും മൊഴിയിലുണ്ട്.
പൂരം അലങ്കോലമാക്കൽ വിവാദവുമായി ബന്ധപ്പെട്ട് എഡിജിപിയുടെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന പോലീസ് മേധാവി ഷേയ്ക് ദർബേഷ് സാഹിബ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രി കെ. രാജന്റെ മൊഴി രേഖപ്പെടുത്തിയത്.
പൂര ദിവസം രാവിലെ മുതൽ എം.ആർ. അജിത്കുമാർ തൃശൂരിൽ ഉണ്ടായിരുന്നു. പൂരവുമായി ബന്ധപ്പെട്ടു പല തവണ നേരിട്ടു ഫോണിൽ വിളിച്ചിരുന്നു. തെക്കോട്ട് ഇറക്കത്തിന്റെ സമയത്ത് പോലീസിൽനിന്ന് മോശം ഇടപെടലുണ്ടായി. പിന്നീട് അജിത്കുമാറിനെ കണ്ടപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും രാത്രി എഴുന്നള്ളത്തിന്റെ സമയത്ത് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും പരിഹരിക്കാൻ ഇടപെടണമെന്നു നിർദേശിക്കുകയും ചെയ്തു.
എന്നാൽ പൂരത്തിന്റെ ചുമതലയുണ്ടായിട്ടും എഡിജിപി തടസങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്തില്ല. പൂരം തടസപ്പെടുകയും ജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തപ്പോൾ പല തവണ എഡിജിപിയെ ഔദ്യോഗിക ഫോണിലും പേഴ്സണൽ നന്പരിലേക്കും വിളിച്ചെങ്കിലും എടുത്തില്ലെന്നും മന്ത്രി നൽകിയ മൊഴിയിൽ പറയുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എം.ആർ. അജിത്കുമാറിന് വീഴ്ചയുണ്ടായെന്നു വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ആദ്യ റിപ്പോർട്ട് നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്ന മൊഴികളാണ് മന്ത്രി രാജൻ നൽകിയത്.
ഇനി എഡിജിപി എം.ആർ. അജിത്കുമാറിന്റെ മൊഴി കൂടി എടുത്ത ശേഷമാകും അന്തിമ റിപ്പോർട്ട് ഡിജിപി സർക്കാരിനു സമർപ്പിക്കുക.