നഷ്ടപരിഹാരത്തിന് ഭൂമിയുടെ സ്വഭാവംകൂടി കണക്കിലെടുക്കണം: കോടതി
Tuesday, May 6, 2025 1:55 AM IST
കൊച്ചി: സര്‍ക്കാര്‍ വികസന പ്രവര്‍ത്തനത്തിനുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ഭൂമിയുടെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്നു ഹൈക്കോടതി. ഇതിനായി റവന്യു രേഖകളെ മാത്രം അടിസ്ഥാനമാക്കരുത്.
ഏറ്റെടുക്കുന്ന ഭൂമി ഉപയോഗിച്ചിരുന്നത് എന്താവശ്യത്തിനായിരുന്നു, ഏറ്റെടുക്കുന്ന ഭൂമി ഏതുതരം സ്ഥലത്തിന്റെ ഭാഗമാണ്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച മേഖലയാണോ, റോഡുകള്‍ ഏത് സ്വഭാവത്തിലുള്ളതാണ്, പ്രദേശത്തിനു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയെന്ത് തുടങ്ങിയവയെല്ലാം പരിഗണിച്ചു വേണം നഷ്ടപരിഹാരം നിശ്ചയിക്കാനെന്ന് ജസ്റ്റീസ് വിജു ഏബ്രഹാം നിർദേശിച്ചു.
ദേശീയപാതാ അഥോറിറ്റി ഏറ്റെടുത്ത തന്റെ ഉടമസ്ഥതയിലുള്ള ഭൂമി റവന്യു രേഖകളില്‍ നിലമെന്നു രേഖപ്പെടുത്തിയിരുന്നതിന്റെ പേരില്‍ കുറഞ്ഞ വില കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ചെന്നാരോപിച്ച് കോട്ടയം പേരൂര്‍ സ്വദേശിനി മനോ അലക്സ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. 2019ലാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അഥോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരി 2010ല്‍ത്തന്നെ ഭൂമി ഡാറ്റ ബാങ്കില്‍നിന്നു മാറ്റാനായി അപേക്ഷ നല്‍കുകയും ഇത് അനുവദിക്കുകയും ചെയ്തിരുന്നു. റവന്യു രേഖകളില്‍ മാറ്റം വരുത്താനുള്ള അപേക്ഷയും നല്കി.
ഇത് കണക്കിലെടുക്കാതെ റവന്യു രേഖകളില്‍ ഭൂമി നിലമെന്നു രേഖപ്പെടുത്തിയിരിക്കുന്നതു കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കുന്നതു തെറ്റാണെന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.