മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
Tuesday, May 6, 2025 12:20 AM IST
പാലാ: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ അമല്‍ കെ. ജോമോന്റെ (19) മൃതദേഹമാണ് ഇന്നലെ തെരച്ചില്‍ സംഘം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ തുടങ്ങിയ തെരച്ചിലില്‍ പത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫയര്‍ഫോഴ്സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, നന്മക്കൂട്ടം സംഘാംഗങ്ങളുമാണ് തെരച്ചില്‍ നടത്തിയത്. കുളിക്കുന്നതിനിടെ രണ്ടു വിദ്യാര്‍ഥികളാണ് ഇവിടെ ശനിയാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം മുണ്ടക്കയം പാലൂര്‍ക്കാവ് പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന് ആല്ബിന് ജോസഫിന്റെ (21) മൃതദേഹം തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു.
മീനച്ചിലാറ്റിലെ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപമാണ് അമലിന്റെയും മൃതദേഹം കണ്ടെത്തിയത്.