എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ താടിയിലെ ട്യൂമര്‍ നീക്കി
Tuesday, May 6, 2025 12:20 AM IST
കൊച്ചി: മുഖത്തെ എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ, തൃശൂര്‍ സ്വദേശിനിയായ അന്‍പത്തേഴുകാരിയുടെ താടിയിലെ ട്യൂമര്‍ നീക്കം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 25നു നടത്തിയ ശസ്ത്രക്രിയയില്‍ കാലില്‍നിന്ന് ഫിബുല എന്ന എല്ലെടുത്താണു പുനരുദ്ധാരണ ശാസ്ത്രക്രിയയിലൂടെ വീട്ടമ്മയുടെ മുഖം പൂര്‍വ രൂപത്തിലാക്കിയത്.
ഇതിനു മുമ്പ് രണ്ടു തവണ മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്തിരുന്ന രോഗിക്കു വീണ്ടും ഇതേ ഭാഗത്ത് ട്യൂമര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ഇടതുകാല് ഭാഗം തുറന്ന് ചെവിയുടെ താഴെ മുതല്‍ താടിയെല്ല് വരെയുള്ള ഭാഗം നീക്കം ചെയ്ത് കണ്സ്ട്രക്്ഷന് സര്‍ജറി നടത്തി.
സീനിയര്‍ പ്ലാസ്റ്റിക് സര്ജന് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. ആശ സിറിയക്, ഡോ. ദിവ്യ, ഡോ. ആര്. ഗോപിനാഥ്, ഡോ. ബീന ഡേവിസ്, ഡോ. മോനി, ഡോ. ജോര്‍ജ് എന്നിവരുടെ സഹകരണത്തോടെയാണ് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്.