പൂരാവേശത്തിൽ തൃശൂർ, ഇന്ന് മഹാപൂരം
Tuesday, May 6, 2025 1:55 AM IST
തൃശൂർ: കടുത്തനിയന്ത്രണങ്ങളുടെ കെട്ടഴിഞ്ഞു, വിവാദങ്ങളുടെ കുട മടക്കി, ആരോപണ-പ്രത്യാരോപണ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒറ്റക്കെട്ടോടെ എല്ലാവരും പൂരത്തിന്റെ തിടന്പേറ്റി. ഇന്ന് വിസ്മയക്കാഴ്ചകളുടെ മഹാപൂരം. അതിരാവിലെ തേക്കിൻകാട്ടിൽ പൂരാരവം നിറയും. കരിവീരച്ചന്തം സ്വർണപ്രഭയിൽ വെട്ടിത്തിളങ്ങും. ആനയാഭരണങ്ങൾ മണികിലുക്കും.
വാനിലുയരുന്ന താളലയങ്ങൾക്ക് ആസ്വാദകർ കൈവിരലുകളാൽ ശ്രുതിമീട്ടും. കണ്ണഞ്ചിപ്പിച്ച്, കാതടപ്പിക്കുന്ന ഒച്ചയിൽ മാനത്തും പൂരവർണങ്ങള് വിരിയും. ഈ മതിവരാക്കാഴ്ചകളുടെ വസന്തം ചൊരിയുന്ന കുടമാറ്റത്തിനായി ശക്തന്റെ തട്ടകം മിഴിതുറന്നു.
പുലർച്ചെ മഞ്ഞും വെയിലും കൊള്ളാതെ ദേവഗുരു ബൃഹസ്പതിയുടെ ചൈതന്യവുമായി കണിമംഗലം ശാസ്താവ് തെക്കേഗോപുരനട വഴി വടക്കുന്നാഥന്റെ മണ്ണിൽ കാലുകുത്തുന്നതോടെ ഇരവു പകലാകുന്ന ജനസാഗരത്തിലേക്കു പൂരം ലയിക്കും. പിന്നെയങ്ങോട്ടു ഘടകപൂരങ്ങളുടെ വരവാണ്. ദേശക്കാരുടെയും താളമേളങ്ങളുടെയും അകന്പടിയിൽ ശ്രീമൂലസ്ഥാനത്തേക്കു ഘടകപൂരങ്ങൾ കയറുന്നതോടെ പാണ്ടിയുടെ താളത്തിൽ പൂരം കൊടുന്പിരികൊള്ളും.
രാവിലെ ഏഴിനുതന്നെ ദേശത്തെ ആനന്ദത്തിൽ ആറാടിച്ച് നടപ്പാണ്ടിയുടെ അകന്പടിയിൽ അന്പാടിക്കണ്ണന്റെ കോലത്തിൽ തിരുവന്പാടി ഭഗവതി എഴുന്നള്ളും. ഭഗവതി നായ്ക്കനാലിലെ പന്തലിലെത്തി പറയെടുപ്പു പൂർത്തിയാക്കി നടുവിൽ മഠത്തിലേക്കു പോകും.
തുടർന്ന് ഇറക്കിപൂജയ്ക്കുശേഷം രാവിലെ പതിനൊന്നോടെ പ്രസിദ്ധമായ മഠത്തിൽവരവ്. തിരുവന്പാടി ചന്ദ്രശേഖരൻ തിടന്പേറ്റും. മൂന്നാനപ്പുറത്ത് കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെയാണു പുറപ്പാട്.
അതേസമയം, പാറമേക്കാവിൽ ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകും. ക്ഷേത്രത്തിൽ ചൂരക്കോട്ടുകാവിലമ്മയെ ഇറക്കി എഴുന്നള്ളിക്കുന്നതോടെ പാറമേക്കാവിലമ്മ പാണികൊട്ടി ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളും. അപ്പോൾ സൂര്യൻ ഉച്ചസ്ഥായിയിൽ ജ്വലിക്കുന്നുണ്ടാകും.
പാറമേക്കാവ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പതിനഞ്ചാനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളിപ്പ് നയനമനോഹരമാണ്. കിഴക്കൂട്ട് അനിയൻ മാരാരുടെ ചെന്പടതാളം മുറുകുന്പോൾ കാണാനിരിക്കുന്ന കുടമാറ്റത്തിന്റെ ആദ്യവർണം വിടർത്തി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിച്ചോട്ടിലേക്ക്... ഗുരുവായൂർ നന്ദനാണു പാറമേക്കാവിന്റെ തിടന്പു വഹിക്കുക.
ഈ നേരത്ത് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്ന മഠത്തിൽവരവിൽ മൂന്നാന ഏഴാനകളും ഒന്പതാനകളുമായി നിരക്കും. നടുവിലാലിലെ പന്തൽ പിന്നിട്ടു നായ്ക്കനാലിലെ പന്തലിലെത്തുന്പോൾ പഞ്ചവാദ്യം ഇടഞ്ഞുകൊട്ടി കലാശിച്ച് മേളത്തിലേക്കു വകമാറ്റം.
തുടർന്ന് തേക്കിൻകാട് മൈതാനിയിലൂടെ ശ്രീമൂലസ്ഥാനത്തേക്കു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടിമേളത്തിന്റെ അകന്പടിയിൽ 15 ആനപ്പുറത്ത് തിരുവന്പാടി ഭവതിയുടെ എഴുന്നള്ളിപ്പ്. ഇവിടെ മേളം വിളന്പകാലത്തിൽ തിളയ്ക്കുന്പോൾ വടക്കുന്നാഥ മതിൽക്കെട്ടിനകത്ത് ഇലഞ്ഞിത്തറമേളം അടച്ചും തുറന്നും മേളഗോപുരം പണിയുകയായിരിക്കും.
വൈകുന്നേരം നാലരയോടെ മേളം കലാശിച്ച് പാറമേക്കാവ് ഭഗവതിയുടെ തെക്കോട്ടിറക്കം. പാണ്ടിയുടെ അകന്പടിയിൽ അങ്ങാടി കണ്ടു മടങ്ങി സ്വരാജ് റൗണ്ടിൽ അണിനിരക്കുന്പോൾ കുടമാറ്റത്തിന് ദേവിക്കു പഞ്ചാരി താളം.
പാറമേക്കാവ് തെക്കേനട കടക്കുന്നതോടെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് തിരുവന്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തു പ്രവേശിച്ച് തെക്കേ ഗോപുരനട കടന്ന് പാറമേക്കാവിന് അഭിമുഖമായി അണിനിരക്കുന്പോൾ സമയം അഞ്ചരയാകും. കുടമാറ്റസമയത്ത് തിരുവന്പാടിക്കു പാണ്ടിമേളമാണ്.
കുടമാറ്റത്തിനുശേഷം രാത്രി വീണ്ടും എഴുന്നള്ളിപ്പുകളുടെയും ചടങ്ങുകളുടെയും ആവർത്തനം. തിരുവന്പാടി, പാറമേക്കാവ് ഭഗവതിമാർ രാത്രിയിൽ എഴുന്നള്ളുന്പോൾ പാറമേക്കാവിനു പഞ്ചവാദ്യമാണ് അകന്പടിയാകുക.
ചോറ്റാനിക്കര നന്ദപ്പൻ മാരാർ നേതൃത്വം നല്കും. തിരുവന്പാടി നായ്ക്കനാലിലെ പന്തലിലും പാറമേക്കാവ് സ്വരാജ് റൗണ്ടിലൂടെ മണികണ്ഠനാലിലെ പന്തലിലും എത്തി ഒരാനപ്പുറത്ത് നിലയുറപ്പിക്കും. പുലർച്ചെ മൂന്നിന് ഇരുദേശങ്ങളുടെയും വെടിക്കെട്ടിനുശേഷം രാവിലെ ഏഴരയോടെ പകൽപ്പൂരം. എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി പാണ്ടിമേളങ്ങൾ കലാശിച്ച് ഉച്ചയ്ക്ക് ഒന്നിന് ഉപചാരം ചൊല്ലി പിരിയൽ. വെടിക്കെട്ടിനുശേഷം പൂരത്തിനു സമാപനമാകും.
പൂരക്കാഴ്ചകൾക്കായി തെക്കേ ഗോപുരനട തുറന്നു
തൃശൂർ: പൂരത്തലേന്ന് പതിവുതെറ്റാതെ നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടന്പേറ്റി വന്ന് ഇന്നലെ രാവിലെ തെക്കേ ഗോപുരനട തുറന്നത്.
ഇതോടെ ഈയാണ്ടിലെ പൂരക്കാഴ്ചകളിലേക്കു തൃശൂർ മഹാഗോപുരം തുറന്നു. ഇന്നലെ രാവിലെ കുറ്റൂർ നെയ്തലക്കാവിൽനിന്നു ഭഗവതിയുടെ തിടന്പേറ്റി ശിവകുമാർ വടക്കുന്നാഥനിലേക്കു പുറപ്പെടുന്പോൾ തട്ടകക്കാരും പൂരപ്രേമികളും ഭഗവതിയെ യാത്രയാക്കാനെത്തി.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയവരും നെയ്തലക്കാവിലെത്തിയിരുന്നു.
കുറ്റൂരിൽനിന്നു പാന്പൂർ ചെന്പിശേരി മേല്പാലം വഴി വിയ്യൂർ ജംഗ്ഷനിലെത്തി അവിടെനിന്നു പാട്ടുരായ്ക്കൽ ജംഗ്ഷനിലൂടെ തിരുവന്പാടി ക്ഷേത്രത്തിനു മുൻവശത്തെത്തി തിരുവന്പാടി കൃഷ്ണനെയും ഭഗവതിയെയും വണങ്ങി ശിവകുമാർ നേരേ നായ്ക്കനാൽ വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ചു. അവിടെനിന്നു പാറമേക്കാവിനു മുന്നിലൂടെ തേക്കിൻകാട് മൈതാനിയിലേക്കു കടന്ന് ശ്രീമൂലസ്ഥാനത്തെത്തി.
അവിടെ കക്കാട് രാജപ്പൻ മാരാരുടെ പ്രാമാണ്യത്തിലുള്ള മേളം കൊട്ടിക്കലാശിച്ചശേഷം പടിഞ്ഞാറേ ഗോപുരം കടന്ന് തെക്കേ ഗോപുരനടയിലെത്തി ഉച്ചയ്ക്കു പന്ത്രണ്ടേമുക്കാലോടെ വാതിൽ തുറന്ന് ശിവകുമാർ പൂരാസ്വാദകരെയും ഭക്തജനങ്ങളെയും തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തതോടെ പൂരവിളംബരം പൂർത്തിയായി. അതോടെ തൃശൂർ നഗരം പൂരാവേശത്തിന്റെ പാരമ്യത്തിലേക്കു കടക്കുകയും ചെയ്തു.