കെ. സുധാകരനെ അനുകൂലിച്ച് പാലക്കാട്ട് പോസ്റ്ററുകൾ
Tuesday, May 6, 2025 1:55 AM IST
പാലക്കാട്: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു കെ. സുധാകരനെ ഉടൻ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് നഗരത്തിൽ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കെ. സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽഡിഎഫ് ഏജന്റുമാരാണെന്നും പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രമേ ഉള്ളൂ, അതു കെ. സുധാകരനാണെന്നുമുൾപ്പടെയുള്ള വാചകങ്ങളാണു പോസ്റ്ററിൽ ഉള്ളത്. കോണ്‍ഗ്രസ് രക്ഷാവേദിയുടെ പേരിലാണു പോസ്റ്ററുകൾ.
കെ. സുധാകരൻ ഇല്ലെങ്കിൽ സിപിഎം മേഞ്ഞുനടക്കും. സുധാകരനെ മാറ്റിയാൽ എൽഡിഎഫ് സർക്കാർ വീണ്ടും വരും. അതുവേണോ? കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ. സുധാകരൻ എന്നിങ്ങനെയാണു പോസ്റ്ററുകൾ.