പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
Tuesday, May 6, 2025 12:20 AM IST
മാനന്തവാടി: കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കുളത്താട പരേതനായ വാഴപ്ലാംകുടി ബിനുവിന്റെ മകൻ അജിൻ ബിനു (15), കളപ്പുരയ്ക്കൽ ബിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (13) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ അഞ്ചംഗ സംഘം വാളാട് പുലിക്കാട് ചെക്ക്ഡാമിൽ എത്തുകയായിരുന്നു.
കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാരും വാളാട് റസ്ക്യു ടീമും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിൻ കല്ലോടി സെന്റ് ജോസഫ് സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പിതാവ് ബിനു പത്തു മാസം മുന്പ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. അമ്മ പ്രവീണ. സഹോദരൻ: അലൻ.
ക്രിസ്റ്റി കണിയാരം ഫാ. ജികെഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ചിഞ്ചു. സഹോദരി: ജിയോണ. മാനന്തവാടി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.