ഇരട്ടനികുതി അംഗീകരിക്കില്ലെന്ന് ബസുടമകള്‍
Tuesday, May 6, 2025 1:55 AM IST
കൊച്ചി: രാജ്യത്താകമാനം പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുടെയും അംഗീകാരത്തോടെ കേന്ദ്രഗതാഗത മന്ത്രാലയം നടപ്പാക്കിയ ഓള് ഇന്ത്യ പെര്‍മിറ്റ് സംവിധാനത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്കു നിയമവിരുദ്ധമായി സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നു ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന സമിതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
2023ലാണ് ഏകീകൃത നികുതി സംവിധാനം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, അധികനികുതി ഈടാക്കാന്‍ സാധിക്കുന്ന തരത്തില്‍ പരിവാഹന്‍ സൈറ്റില്‍ ഉണ്ടായിരുന്ന സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 25നു റദ്ദാക്കുകയും അധികനികുതി ഈടാക്കരുതെന്നു കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗതാഗത സെക്രട്ടറി സര്‍ക്കുലര്‍ അയയ്ക്കുകയും ചെയ്തു. ഇതിനെ മറികടന്ന് അന്യായമായി ഇരട്ട നികുതി പിരിക്കുന്നതിനായി പുതിയ സോഫ്റ്റ്വേര്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുമെന്നു പത്രവാര്‍ത്ത വന്നിരുന്നു. വരുമാനനഷ്ടമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
ചരക്കുവാഹനങ്ങള്‍ സമാനമായി യാതൊരു തടസവും കൂടാതെ ഇന്ത്യയിലൊട്ടാകെ സഞ്ചരിക്കുമ്പോള്‍, അതേ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ക്കു സംസ്ഥാനം പ്രത്യേക നികുതി ഈടാക്കുമെന്നു പറയുന്നത് ഈ വ്യവസായത്തെ അടച്ചുപൂട്ടലില്‍ എത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്, ട്രഷറര്‍ എം.ജെ. ടിറ്റോ, വൈസ് പ്രസിഡന്റ് അഭിലാഷ് വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.