ആസിയാന്‍ കരാര്‍ റബര്‍ കര്‍ഷകർക്ക് കുരുക്ക്; നേട്ടം വന്‍കിട വ്യവസായികള്‍ക്ക്
Tuesday, May 6, 2025 12:19 AM IST
റെജി ജോസഫ്
കോട്ടയം: ആസിയാന്‍ വാണിജ്യകരാറിന്റെ ആനുകൂല്യത്തില്‍ തീരുവ ഒഴിവാക്കി റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന കേന്ദ്ര നയത്തിന്റെ ലാഭനേട്ടം വന്‍കിട ടയര്‍ കമ്പനികള്‍ക്ക്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.5 ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്തത് 90 ശതമാനവും നയാപൈസ തീരുവ അടയ്ക്കാതെയാണ്. 11 അംഗ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്ക് 0-5 ശതമാനം വരെ തിരുവ അടച്ചാല്‍ മതി.
ഇന്തോനേഷ്യ, തായ്ലാന്ഡ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാന ഇറക്കുമതി. ഇതിലെ അനിയന്ത്രിത ഇളവും ആനുകൂല്യവുമാണ് ഇവിടെ വില ഉയരാതിരിക്കാന്‍ പ്രധാന കാരണം.
2023-24 സാമ്പത്തിക വര്‍ഷം 1.69 ലക്ഷം ടണ്ണായിരുന്നു കോമ്പൗണ്ട് ഇറക്കുമതി. അതായത് 81,000 ടണ്‍ അധികമായി കഴിഞ്ഞ വര്‍ഷം വ്യവസായികള്‍ കൊണ്ടുവന്നു. 10 വര്‍ഷം മുന്‍പ് 26,000 ടണ്‍ മാത്രമായിരുന്നു കോമ്പൗണ്ട് ഇറക്കുമതി. ടയര്‍ നിര്‍മാണത്തില്‍ നേരിട്ട് ഉപയോഗിക്കാവുന്ന വിധം റബറും രാസവസ്തുക്കളും ചേര്‍ത്ത് അരച്ചു പരത്തി റോളുകളാക്കുന്നതാണ് കോമ്പൗണ്ട് റബര്‍. ഇതില്‍ ചേരുന്ന റബറിന്റെ തോത് എത്രയെന്നതില്‍ റബര്‍ ബോര്‍ഡിനും വ്യക്തതയില്ല. ഇതിന് അടുത്തയിടെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയെങ്കിലും ആസിയന്‍ രാജ്യങ്ങള്‍ക്ക് ബാധകമല്ല. അതിനാല്‍ ഐവറി കോസ്റ്റില്‍നിന്നു വരെ ഇത് എത്തിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷീറ്റ്, ബ്ലോക്ക് ഇനത്തില്‍ 5.50 ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതി നടന്നിട്ടുണ്ട്. അതായത് 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അന്പത്തീരായിരം ടണ്‍ കൂടുതല്‍. 25 ശതമാനമാണ് ഷീറ്റിനും ബ്ലോക്ക് റബറിനും തിരുവ. എന്നാല്‍ ഇതില്‍ ഏറിയ പങ്കും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് നികുതി ഇളവോടെയാണ് എത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ തരത്തിലുള്ള എട്ടു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു.
റബര്‍ ബോര്‍ഡ് അവകാശപ്പെടുന്നത് കേരളത്തില്‍ ഉള്‍പ്പെടെ വാര്‍ഷിക റബര്‍ ഉത്പാദനം 8.5 ലക്ഷം ടണ്‍ എന്നാണ്. എന്നാല്‍ ഈ കണക്ക് അവാസ്തവമാണെന്നും ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം ടണ്ണില്‍ താഴെയാണെന്നും ഡീലര്‍മാര്‍ പറയുന്നു. കേരളം ഉള്‍പ്പെടെ പരമ്പരാഗത മേഖലയില്‍ ഉത്പാദനം അഞ്ചു ലക്ഷം ടണ്ണിലേക്ക് ചുരുങ്ങി.
35 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ല. 50 ശതമാനം തോട്ടങ്ങള്‍ ആറു മാസം മാത്രമാണ് ടാപ്പ് ചെയ്യാറുള്ളത്. ഏറെ മാസങ്ങളായി റബര്‍ ബോര്‍ഡ് ഉത്പാദന ഉപയോഗ കണക്ക് പുറത്തുവിടാത്തത് വ്യവസായികളുടെ താല്പ്പര്യത്തിലാണെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം 100 ടണ്‍ റബര്‍ പോലും കയറ്റുമതി നടന്നില്ലെന്നത് ഇവിടത്തെ റബര്‍ ആവശ്യകതയുടെ തെളിവാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റബര്‍ ഡിമാന്‍ഡ് 15.5 ലക്ഷം ടണ്ണാണെന്ന് വ്യവസായികള്‍ അവകാശപ്പെടുന്നു. നടപ്പുസാമ്പത്തിക വര്‍ഷം അത് 16 ലക്ഷം ടണ്ണാണ്. ഡിമാന്‍ഡ് വര്‍ധിച്ചിരിക്കേ ഇക്കൊല്ലവും ഇറക്കുമതി തോതില്‍ യാതൊരു കുറവും വരില്ല.
ഇറക്കുമതി നിരക്ക് ഉയര്‍ത്തി ആസിയാന്‍ വാണിജ്യ കരാറില്‍ പൊളിച്ചെഴുത്തുണ്ടാകാതെ ഇവിടെ വില ഉയരില്ല. ആകെ ഇറക്കുമതിയുടെ 40 ശതമാനവും തീരുവ രഹിത കോമ്പൗണ്ട് റബര്‍ ആയതോടെ വില ഇനിയും താഴാനാണ് സാഹചര്യം.