സർക്കാർ പരിപാടിയിൽ പാർട്ടി ജില്ലാ സെക്രട്ടറി; വിവാദം മുറുകുന്നു
Tuesday, May 6, 2025 12:19 AM IST
കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സർക്കാർ പരിപാടിയുടെ വേദിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെക്കൂടി ഉൾപ്പെടുത്തിയത് രാഷ്ട്രീയ ചർച്ചയാകുന്നു.
ഞായറാഴ്ച മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന വേദിയിലാണു പ്രോട്ടോക്കോൾ ലംഘിച്ച് കെ.കെ. രാഗേഷിനെ പങ്കെടുപ്പിച്ചത്. ഉദ്ഘാടനം സംബന്ധിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പങ്കെടുത്തവരുടെ പട്ടികയിൽ കെ.കെ. രാഗേഷിനെ മുൻ എംപി എന്നാണു പരാമർശിച്ചത്.
അതേസമയം, പരിപാടിയുടെ ക്ഷണക്കത്തിൽ കെ.കെ. രാഗേഷിന്റെ പേര് ഉണ്ടായിരുന്നുമില്ല. പരിപാടിയുടെ ക്ഷണക്കത്തിൽ ഒരു സിപിഎം പ്രാദേശിക നേതാവിന്റെ പേരായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ വെട്ടിമാറ്റിയാണ് അവസാന നിമിഷം കെ.കെ. രാഗേഷിനെ വേദിയിലേക്ക് കയറ്റി ഇരുത്തിയത്. അതേസമയം, പരിപാടിയിൽ ജില്ലയിലെ മറ്റ് മുൻ എംപിമാരെ ആരെയും ഉൾപ്പെടുത്തിയിട്ടുമില്ല.
മുൻ എംപിയെന്ന നിലയ്ക്കോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്കോ കെ.കെ. രാഗേഷിനെ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നില്ലെന്നാണു ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഇതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെയാണു കെ.കെ. രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റത്. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റംഗമായതിനെ തുടർന്നാണ് കെ.കെ. രാഗേഷ് ജില്ലാ സെക്രട്ടറിയായത്. കെ.കെ. രാഗേഷ് സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിനെതിരേ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വേദിയിലിരുന്നതു മഹാപരാധമല്ല: കെ.കെ. രാഗേഷ്
കണ്ണൂർ: മുഖ്യമന്ത്രിയോടൊപ്പം ഉദ്ഘാടന വേദിയിലിരുന്നത് മഹാപരാധമല്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണം ഇല്ലെങ്കിലും മുൻ എംപിമാർ പങ്കെടുക്കാറുണ്ട്. മുൻ ജനപ്രതിനിധി എന്ന നിലയിലാണ് പങ്കെടുത്തത്. പരിപാടിക്ക് എത്തിയപ്പോൾ സംഘാടകർ ആവശ്യപ്പെട്ടതിനെത്തുടർന്നാണു വേദിയിൽ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ സെക്രട്ടറിക്കു പ്രത്യേക പദവിയുണ്ടോയെന്നു വ്യക്തമാക്കണം: കോൺഗ്രസ്
കണ്ണൂര്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാൻ അധികാരമുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാട് തികഞ്ഞ അല്പത്തരമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സർക്കാർ പരിപാടികളിൽ കയറിച്ചെന്ന് വേദിയിൽ ഇടംപിടിക്കാൻ ജില്ലാ സെക്രട്ടറിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പദവിയുണ്ടെങ്കിൽ അക്കാര്യം കെ.കെ. രാഗേഷും സിപിഎമ്മും വ്യക്തമാക്കണം.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയില് പിണറായി സർക്കാർ ക്ഷണിച്ച് വേദിയിലിരുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ വിവാദമുണ്ടാക്കിയ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച പരിപാടിയിലാണു കെ.കെ. രാഗേഷ് ക്ഷണിക്കാതെ കയറിയിരുന്നത്.
സർക്കാർ പരിപാടികളിലെ പ്രോട്ടോക്കോള് ലംഘിക്കപ്പെട്ടത് സംബന്ധിച്ച് ചടങ്ങിന് അധ്യക്ഷത വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം നൽകണം. പാർട്ടി നേതാക്കൾക്കു സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കേണ്ട കാര്യമില്ലെന്ന തെറ്റായ സന്ദേശമാണ് സിപിഎം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സർക്കാർ പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എങ്ങനെ വേദി പങ്കിട്ടെന്ന കാര്യത്തിൽ നേതൃത്വം മറുപടി പറയണമെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.
ഡിടിപിസി സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ ഉണ്ടായിരുന്ന പ്രാദേശിക സിപിഎം നേതാവിനെ വെട്ടിമാറ്റിയാണു ജില്ലാ സെക്രട്ടറിയെ വേദിയിൽ അവരോധിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തതിനെതിരേ പരസ്യമായി വിമർശിച്ച സിപിഎം കെ.കെ. രാഗേഷ് സർക്കാർ പരിപാടിയിൽ വേദിയിൽ കയറിക്കൂടിയതിനെക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.