പക്വത കാട്ടണം; നേരിടേണ്ടത് അങ്കണവാടി തെരഞ്ഞെടുപ്പല്ല: രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, May 6, 2025 1:55 AM IST
പത്തനംതിട്ട: കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടുയർന്ന ആശയക്കുഴപ്പം നീക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പത്തനംതിട്ട ഡിസിസിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ കാണിക്കുന്ന പക്വത മുതിർന്ന നേതാക്കളും കാണിക്കണം. ചെറുപ്പക്കാരാരും തന്നെ പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്നും രാഹുൽ വിമർശിച്ചു.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ആസന്നമായിരിക്കവേയാണ് പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. അങ്കണവാടി തെരഞ്ഞെടുപ്പല്ല വരാനിരിക്കുന്നതെന്ന ബോധ്യം നേതാക്കൾക്കുണ്ടാകണം. പുതിയ പ്രസിഡന്റ് വേണമോ വേണ്ടയോ എന്നതിൽ എന്തിനാണ് ആശയക്കുഴപ്പം. ഇത് നേതാക്കളിലും പ്രവർത്തകരിലും അനിശ്ചിതത്വം സൃഷ്ടിക്കും. കെ. സുധാകരൻ നല്ല ഒരു നേതാവാണ്. കേരളത്തിൽ എവിടെ ചെന്നാലും നാലാൾ അദ്ദേഹത്തെ കാണാനുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
മാധ്യമ അജണ്ടയ്ക്കൊപ്പമല്ല പാർട്ടി പ്രവർത്തിക്കുന്നതെന്നാണ് കരുതുന്നത്. പേവിഷ ബാധ പോലെയുള്ള പ്രധാന വിഷയങ്ങൾ ചർച്ചയാകാതെ പോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.