പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
Tuesday, May 6, 2025 12:20 AM IST
കാലടി: പെരിയാറിന്റെ കൈത്തോടായ കൊറ്റമം തോട്ടിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽഖിബിൻ (12) ആണു മരിച്ചത്.
ലക്ഷം വീട് കടവിലായിരുന്നു അപകടം. ദുൽഖിബിൻ ഉൾപ്പെടെ ഷിനാസിന്റെ മൂന്നു മക്കളും സഹോദരന്റെ കുട്ടിയുമാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ കുളിക്കാൻ ഇറങ്ങിയത്.
നാലു പേരും ഒഴുക്കിൽപ്പെട്ട് പെരിയാറിലേക്കു നീങ്ങുകയായിരുന്നു. ഷിനാസിന്റെ മറ്റു രണ്ടു മക്കളെയും സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ, ദുൽഖിബിനെ രക്ഷപ്പെടുത്താനായില്ല.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രാത്രി 7.15ഓടെ ദുൽഖിബിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. കണ്ണൂരിൽ ജോലിയുള്ള ഷിനാസ് കുടുംബസമേതം അവിടെയായിരുന്നു താമസം.
അവധി ആഘോഷിക്കാൻ മേക്കാലടിയിൽ എത്തിയതാണ്. തളിപ്പറമ്പ് തൃച്ചംബരം സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർഥിയായിരുന്ന ദുൽഖിബിൻ ഹൈസ്കൂൾ പഠനത്തിനായി പുതിയ സ്കൂളിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു.
സുറുമിയാണു ദുൽഖിബിന്റെ അമ്മ. സഹോദരങ്ങൾ: ദിയാൻ അൽദിൻ, ദിൽഹാൻ സലാം, മുഹമ്മദ് ദയാൻ.