ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Tuesday, May 6, 2025 1:55 AM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാസംവിധായകരടക്കം മൂന്നു പേരെ പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
പിന്നീട് ജാമ്യത്തില്‍ വിട്ടു. സമീര്‍ താഹിര്‍ വാടകയ്ക്കെടുത്തിരുന്ന ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റില്‍നിന്ന് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ , ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സമീര്‍ താഹിറിനോട് ഹാജരാകാന്‍ എക്സൈസ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഹാജരായ സമീര്‍ താഹിറിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിനാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ പരിചയമുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗിച്ചിരുന്നതായി അറിവില്ലെന്നും സമീര്‍ താഹിര്‍ എക്സൈസിനോട് പറഞ്ഞു. സംഭവദിവസം വൈകിട്ട് വരെ ഫ്ലാറ്റിലുണ്ടായിരുന്നു. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ അഷ്റഫ് ഹംസയാണ് അവിടെയുണ്ടായിരുന്നത്.
അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചര്‍ച്ച ഫ്ലാറ്റില്‍ നടന്നു. താനും ഖാലിദുമാണ് നിര്‍മാതാക്കള്‍. സിനിമാ ചര്‍ച്ചയ്ക്കായി നിരവധി പേര് ഫ്ലാറ്റില്‍ വരാറുണ്ടെന്നും സമീര്‍ എക്സൈസിനോടു പറഞ്ഞു.
ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് ഫ്ളാറ്റില്‍ എത്തിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് നല്കിയ ആളെക്കുറിച്ച് വിവരം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ ഇയാള്‍ കാക്കനാടാണ് താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്നാണ് വിവരം.