കൂടിയ വിഹിതം ഈടാക്കിയശേഷം ഉയര്‍ന്ന പെന്ഷന് നിഷേധിക്കുന്നതു നീതിനിഷേധം: ഹൈക്കോടതി
Tuesday, May 6, 2025 1:55 AM IST
കൊച്ചി: ഉയര്‍ന്ന പിഎഫ് പെന്‍ഷനുവേണ്ടി കൂടിയ വിഹിതം ഈടാക്കിയശേഷം അതു നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് ഹൈക്കോടതി. കൊച്ചി റിഫൈനറിയില്‍നിന്നു വിരമിച്ച ആര്. പുഷ്പയടക്കമുള്ളവര് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ വാക്കാല്‍ നിരീക്ഷണം.
ഉയര്‍ന്ന തുക വാങ്ങിയ ശേഷം ആനുപാതികമായ പെന്ഷന് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് കോടതി നിര്‍ദേശവും നല്കി. തുടര്‍ന്ന് ഹര്‍ജി 21നു പരിഗണിക്കാന്‍ മാറ്റി.
ഉയര്‍ന്ന പിഎഫ് പെന്ഷന് അനുവദിക്കാന്‍ ഹര്‍ജിക്കാരടക്കമുള്ളവര്‍ 16 ലക്ഷം രൂപ ഇപിഎഫ്ഒയില്‍ അടച്ചിരുന്നെങ്കിലും ആനുപാതികമായ പെന്ഷന് നല്‍കിയില്ലെന്നു മാത്രമല്ല, ഉയര്‍ന്ന പെന്ഷന് അനുവദിക്കാനാവില്ലെന്ന സൂചന നല്കുന്ന നോട്ടീസും നല്കി. തുടര്‍ന്നാണു ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്.
ആനുപാതിക പെന്ഷന് നിഷേധിക്കുന്നതിനു കാരണം വ്യക്തമാക്കി, സത്യവാങ്മൂലം നല്‍കാനാണു കോടതിയുടെ നിര്‍ദേശം.