പേവിഷബാധയേറ്റു കുട്ടി മരിച്ചത് അതീവ ഗൗരവതരം: വി.ഡി. സതീശൻ
Tuesday, May 6, 2025 1:55 AM IST
തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസൽ മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥ ഒന്നുകൂടി വ്യക്തമാക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മൂന്നു ഡോസ് വാക്സിൻ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യസംഭവമല്ല ഇന്നുണ്ടായത്.
ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മൂന്നു കുട്ടികളാണു മരിച്ചത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വാക്സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത്.
ഇതേ സർക്കാരും ആരോഗ്യവകുപ്പുമാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തെന്ന് അടുത്തിടെ സിഎജി കണ്ടെത്തിയത്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ല.
ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചിരിക്കുന്നത്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് തെരുവുനായക്കളെ നിയന്ത്രിക്കുന്നതിൽനിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയെന്നു സതീശൻ കുറ്റപ്പെടുത്തി.