നെല്‍കര്‍ഷകരുടെ സമരപ്രഖ്യാപനകണ്വന്ഷന് ഇന്നു ചങ്ങനാശേരിയില്‍
Tuesday, May 6, 2025 12:19 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി അര്‍ക്കാലിയ ഓഡിറ്റോറിയത്തില്‍ നെല്‍കര്‍ഷകരുടെ യോഗം ചേരുമെന്നും തുടര്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമന്നും രക്ഷാധികാരി വി.ജെ.ലാലി, പ്രസിഡന്റ് റജീന അഷറഫ്, ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് എന്നിവര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഇടപെടണമെന്ന് കർഷകർ
നെല്‍ക്കര്‍ഷകരുടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തതെന്തെന്ന് ചോദ്യവുമായി കര്‍ഷകര്‍. കൃഷി, സംഭരണ രംഗങ്ങളില്‍ കൃഷി, ഭക്ഷ്യപൊതുവിതരണ, ധനകാര്യ വകുപ്പുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തു വരുന്നത്.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ നെല്ലു സംഭരണം നീളുകയാണ്. സംഭരിച്ച നെല്ലിന്റെ പിആര്‍എസ് നടപടികളും തടസപ്പെട്ടുകിടക്കുന്നു. കര്‍ഷകരില്‍നിന്നും പിആര്‍എസ് സ്വീകരിച്ച് വായ്പ നല്കാന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എസ്ബിഐയും കാനറ ബാങ്കും ഇക്കാര്യത്തില്‍ പിന്നാക്കം പോയിരിക്കുകയാണ്. എസ്ബിഐ ശാഖകളില്‍ പിആര്‍എസ് വാങ്ങുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ല.
കാനറാ ബാങ്കുകളുടെ ശാഖകളില്‍ പിആര്‍എസ് സ്വീകരിക്കുന്നുപോലുമില്ല. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്ക് നല്കിയ വായ്പ തുകയുടെ കുടിശിക സര്‍ക്കാരില്‍നിന്നും ലഭിച്ചില്ലെന്നു പറയുന്നതിനൊപ്പം ഈ ബാങ്കുകള്‍ പലിശ നിരക്ക് കൂടുതല്‍ ആവശ്യപ്പെടുന്നുമുണ്ട്.
കൈകാര്യച്ചെലവ് വര്‍ധിപ്പിച്ചിട്ട് 12വര്‍ഷം
കഴിഞ്ഞ 21വര്‍ഷമായി കൈകാര്യച്ചെലവ് വര്‍ധിപ്പിച്ചിട്ടില്ല. സാധാരണഗതിയില്‍ ഒരു ക്വിന്റലിന് ഇരുനൂറിനും ഇരുനൂറ്റി അമ്പതിനും ഇടയില്‍ രൂപ കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവുണ്ടാകുമ്പോള് ഇപ്പോഴും ക്വിന്റലിന് 12രൂപമാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
നെല്‍കൃഷിക്കും സംഭരണത്തിനും സര്‍ക്കാര്‍ നയം പ്രഖ്യാപിക്കണം
നെല്‍കൃഷി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി ഓഫീസുകളില്‍ കര്‍ഷകര്‍ രജിസ്ട്രേഷന് നടത്തുന്നതോടൊപ്പംതന്നെ നെല്‍കൃഷി നടത്തിപ്പ് സംബന്ധിച്ചും സംഭരണംസംബന്ധിച്ചും പ്രത്യേകനയം ആവിഷ്കരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നെല്‍വിത്ത്, വളം സബ്സിഡികള്‍, ഇന്‍ഷ്വറന്‍സ്, നെല്ല് സംഭരണം, സംഭരിച്ച നെല്ലിന്റെ പണം കര്‍ഷര്‍ക്ക് ലഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ഈ നയത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിക്കണം.
നെല്‍കൃഷിക്കും സംഭരണത്തിനും ആവശ്യമായ റിവോള്‍വിംഗ് ഫണ്ട് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.