ഷുക്കൂര്‍ വധക്കേസ്: വിചാരണ തുടങ്ങി
Tuesday, May 6, 2025 12:19 AM IST
കൊച്ചി: യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ ആരംഭിച്ചു. സിപിഎമ്മിന്റെ ഉന്നത നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കം പ്രതികളായ കേസില്‍ 13 വര്‍ഷത്തിനു ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്.
കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സക്കറിയയുടെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. പി. ജയരാജനും ടി.വി. രാജേഷുമടക്കം എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി.
ആകെ 33 പ്രതികളുള്ള കേസില്‍ 31 പേരാണു ജീവിച്ചിരിപ്പുള്ളത്. ജയരാജന് 32-ാംപ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവര്‍ക്കുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനാ കുറ്റങ്ങളാണു ചുമത്തിയത്.
ആകെ 82 സാക്ഷികളുള്ള കേസില്‍ രണ്ടു ഘട്ടമായാണ് വിചാരണ. ആദ്യ ഘട്ടത്തില്‍ 21 പ്രോസിക്യൂഷന് സാക്ഷികളെയാണു വിസ്തരിക്കുക.